ശിംബൂ…. ശിംബൂ… രണ്ടാമത്തെ വിളിക്ക് അയല്‍പക്കത്തെ അലീത്താത്തയുടെ വീടിന്റെ മുറ്റത്തു കൂടെ ഓടി വരുന്ന അവനെ ഒരു മിന്നായം പോലെ കാണാം. മൂന്നാമത്തെ വിളി പൂര്‍ത്തിയാക്കുന്നതിനു മുന്നേ ചിരിച്ചു കൊണ്ട് അവന്‍ തൊട്ടു മുമ്പില്‍ എത്തിയിരിക്കും. പിന്നീട് രണ്ട് കാലില്‍ എഴുന്നേറ്റ് നിന്ന് മുന്‍ കാലുകള്‍ ഉയര്‍ത്തി ഞങ്ങളുടെ ദേഹത്ത് ചാരിയൊരു നില്‍പ്പാണ്.
അടുത്ത വീട്ടിലെ രാമേട്ടന്റെ വളര്‍ത്തുനായയാണ് ശിംബു. കറുപ്പും വെളുപ്പും നിറത്തോടു കൂടിയ തടിച്ച വാലും കൊഴുത്ത ശരീരവുള്ള നല്ല ഉശിരന്‍ നായ. കണ്ടാല്‍ ആരും ഒന്ന് പേടിക്കും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവനൊരു പാവമായിരുന്നു. ആരെയും ഉപദ്രവിക്കാത്ത അനുസരണയുള്ള ഒരു പാവം. കഴുത്തില്‍ ഒരു ബെല്‍റ്റ് മാത്രം. അവനെ ചങ്ങലയില്‍ കെട്ടിയിടുന്ന പതിവില്ലായിരുന്നു. മിക്ക ദിവസങ്ങളിലും ഞങ്ങളുടെ വീട്ടില്‍ വന്ന് ഭക്ഷണം കഴിക്കും. ഏറെ നേരം ഞങ്ങളുടെ കൂടെത്തന്നെ കഴിയും.
ഒരു നാള്‍ കളിയായി അവന്റെ വീട്ടിലെ കോഴിയെ ഓടിച്ചപ്പോള്‍ അബദ്ധത്തില്‍ അതിന് പരിക്ക് പറ്റി. വീട്ടുകാര്‍ അവനെ തല്ലിയോടിച്ചു. അവിടെ വേറൊരു നായ കൂടിയുള്ളതിനാല്‍ ഇവനോട് അവര്‍ക്ക് താല്പര്യം കുറവായിരുന്നു. അവന്‍ നേരെ ഞങ്ങളുടെ വീട്ടിലേക്ക് വന്നു. പിന്നീട് അവിടേക്ക് തിരിച്ചു പോയതേയില്ല. വീട്ടുകാര്‍ക്കും അവനെ വേണ്ടാതായിരുന്നു. അങ്ങനെ അവന്‍ ഞങ്ങളുടെ വീട്ടിലെ ഒരംഗമായി മാറി.
ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ടവനായി ഏതു സമയവും കൂടെയുണ്ടാവും. പറയുന്നതെല്ലാം മനസ്സിലാവുന്നതു പോലെയാണ് അവന്റെ പെരുമാറ്റം. ഞങ്ങള്‍ എങ്ങോട്ടെങ്കിലും പോകാനിറങ്ങിയാല്‍ മുന്നില്‍ അവനിറങ്ങും. എത്ര ഓടിച്ചു വിട്ടാലും വീണ്ടും തിരിച്ച് പുറകെ എത്തിയിരിക്കും. ദൂരെ എവിടെയെങ്കിലും പോകണമെങ്കില്‍ അവനെ ഒളിച്ചു പോകേണ്ട സ്ഥിതിയായി ഞങ്ങള്‍ക്ക്.
അടുത്ത വീട്ടിലെ അലീത്താത്തക്ക് ധാരാളം കോഴിയും ആടും ഒക്കെയുണ്ട്. കുറുക്കന്മാര്‍ പകല്‍ പോലും പമ്മി വന്ന് കോഴികളെ കൊണ്ടുപോകുമായിരുന്നു മുമ്പൊക്കെ. ഇപ്പോഴാണെങ്കില്‍ ശിംബുവിനെ പേടിച്ച് ഒന്നും വരാറേയില്ല. സത്യത്തില്‍ അവനും കുറുക്കന്മാരെ ആദ്യമൊക്കെ പേടിയായിരുന്നു. കോഴികളെയും കടിച്ച് കുറുക്കന്മാര്‍ കാട്ടിലേക്കോടുന്നതുകണ്ടാല്‍ അവന്‍ തിരിഞ്ഞ് ഞങ്ങളുടെ അടുത്തേക്ക് ഓടുകയായിരുന്നു പതിവ്. ഞങ്ങള്‍ അലറി വിളിച്ച് കുറുക്കന്മാരുടെ പുറകെ ഓടുന്നതുകാണുമ്പോള്‍ ഞങ്ങളുണ്ടെന്ന ധൈര്യത്തില്‍ അവന്‍ മുന്നില്‍ ഓടിക്കോളും. ഞങ്ങളെ കണ്ടില്ലെങ്കില്‍ തിരിഞ്ഞോടുകയും ചെയ്യും. അങ്ങനെ കുറുക്കന്റ വായില്‍ നിന്ന് എത്രയോ കോഴികളെയും ആടുകളെയും രക്ഷപ്പെടുത്തിയിരിക്കുന്നു.
ഞങ്ങള്‍ സ്‌കൂളിലായിരുന്ന ഒരു ദിവസം. അച്ഛന്‍ പറമ്പില്‍ എന്തോ പണിയെടുക്കുന്നു. ശിംബുവും കൂടെയുണ്ട്. അപ്പോഴാണ് ഇടവഴിയിലൂടെ ആള്‍ക്കാരുടെ ബഹളം കേട്ടത്. പലരെയും കടിച്ച ഒരു ഭ്രാന്തന്‍ കുറുക്കനെ കല്ലും വടിയുമായി ഓടിക്കുകയാണ് നാട്ടുകാര്‍. അത് ഓടി അച്ഛന്റെ നേരേ അടുക്കുകയാണ്. ഒരു നിമിഷം അപകടം മനസ്സിലായ അച്ഛന്‍ വീട്ടിലേക്കോടാനൊരുങ്ങി. ആ നിമിഷം തന്നെ ശിംബു ഓടി വന്ന് അതിനെ കീഴ്‌പ്പെടുത്താനുള്ള ശ്രമമായി. അപ്പോഴേക്കും ആള്‍ക്കാരൊക്കെ ഓടി വന്ന് ആ ഭ്രാന്തന്‍ കുറുക്കനെ എങ്ങനെയൊക്കെയോ തല്ലിക്കൊന്നു. അയല്‍പക്കത്തെ പല പശുക്കളെയും ആടിനെയും കടിച്ചിട്ടുണ്ട്. അച്ഛന്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. ശിംബു തടഞ്ഞില്ലായിരുന്നെങ്കില്‍ അതിന്റെ കടിയേറ്റേനേ! ഭാഗ്യം എല്ലാവരും ആശ്വസിച്ചു.
അപ്പോഴാണ് കുറച്ചു മാറി കിടക്കുകയായിരുന്ന അവനെ എല്ലാവരും ശ്രദ്ധിച്ചത്. അവന് കുറുക്കന്റ കടിയേറ്റിരിക്കുന്നു! അവന്റെ ദേഹത്ത് പല ഭാഗത്തും മുറിഞ്ഞ് ചോരയൊഴുകുന്നു! എല്ലാവരും പരിഭ്രാന്തരായി. സൂക്ഷിക്കണം. അവനെ കെട്ടിയിടണം ഇല്ലെങ്കില്‍ അപകടമാണ് ആരോ പറഞ്ഞു.
അങ്ങനെ ആദ്യമായി അവനെ ചങ്ങലയിലിട്ടു. എല്ലാവരും അവനെ ഭയത്തോടെ നോക്കാന്‍ തുടങ്ങി. അവനെ ഒന്ന് തൊട്ട് ആശ്വസിപ്പിക്കാനോ അടുത്തേക്ക് പോകാനോ ഞങ്ങളെല്ലാവരും ഭയന്നു. കെട്ടിയിട്ടതും പെട്ടെന്നുള്ള ഞങ്ങളുടെ അകല്‍ച്ചയും അവനെ അസ്വസ്ഥനാക്കി. അവന്റെ ദയനീയമായ നോട്ടം ഞങ്ങളെയും സങ്കടത്തിലാഴ്ത്തി.
ഇവനെയിനി ഇങ്ങനെ അധികകാലം വെച്ചിരിക്കുന്നത് അപകടമാണ് … ചോറില്‍ അല്പം വിഷം ചേര്‍ത്തോ മറ്റോ ഇവന് പിരാന്തെളക്‌ന്നേന് മുമ്പെ എന്തെങ്കിലും ചെയ്യ്… പിറ്റേന്ന് വീട്ടിലെത്തിയ നാട്ടുകാരിലൊരാള്‍ അച്ഛനോട് പറഞ്ഞു. കേട്ടവര്‍ പലരും അതിനെ ശരിവെച്ചു. ഇത് കേട്ടപ്പോള്‍ ശരിക്കും നടുങ്ങിപ്പോയി. അവനെ ഒന്നും ചെയ്യരുതെന്ന് കരഞ്ഞുകൊണ്ട് ഞങ്ങള്‍ അച്ഛനെ പിന്തിരിപ്പിക്കാനുള്ള ശ്രമമായി. അച്ഛനും അതിന് പറ്റില്ലായിരുന്നു. എങ്കിലും എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി. അവനെ കൊല്ലണ്ട ഞാന്‍ വളര്‍ത്തിക്കോളാംന്ന് അലീത്താത്തയും. ഇനി വരുന്നത് പോലെ വരട്ടെ എന്ന് അച്ഛനും തീരുമാനിച്ചു.
ദിവസങ്ങള്‍ കടന്നു പോയി. അവനെ ദൂരെ നിന്ന് മാത്രം ഞങ്ങള്‍ കണ്ടു. കാണുമ്പോഴൊക്കെ കെട്ടിയിട്ടതാണെന്നറിയാതെ സ്‌നേഹത്തോടെ അടുത്തേക്ക് ഓടിവരാന്‍ ശ്രമിക്കും. ഞങ്ങളെ നോക്കി ദയനീയമായി കരഞ്ഞുകൊണ്ടിരിക്കും. ഭക്ഷണം കഴിക്കാനുള്ള താല്പര്യം കുറഞ്ഞു. അവന്‍ ക്ഷീണിച്ചുതുടങ്ങിയിരുന്നു. പതിവുപോലെ അന്നും രാവിലെ സ്‌കൂളിലേക്ക് പോകുമ്പോള്‍ അവനെയൊന്ന് കണ്ടിട്ടാണ് പോയത്. അച്ഛന്‍ അന്ന് എന്തോ വല്ലാത്ത ടെന്‍ഷനിലായിരുന്നു.
ഞാന്‍ വൈകുന്നേരം സ്‌കൂള്‍ വിട്ടു വന്ന് ശിംബുവിന്റ അടുത്തെത്തി. അവനെയവിടെ കണ്ടില്ല. ശിംബു എവിടെ ചങ്ങല പൊട്ടിച്ചു പോയോ ഞാന്‍ അവനെ ഉറക്കെ വിളിച്ച് കൊണ്ട് അമ്മയുടെ അടുത്തേക്കോടി. അപ്പോഴേക്കും ഒന്നു രണ്ട് കൂട്ടുകാരും അച്ഛനും കൂടി പറമ്പില്‍ നിന്നും കൈക്കോട്ടുമായി കയറി വന്നു. അപ്പോഴാണ് അമ്മ പതിയെ ഇടറിയ ശബ്ദത്തില്‍ പറയുന്നത് കേട്ടത്. മോളെ ഇനിയും ശിംബൂനെ ഇങ്ങനെ വെച്ചിരിക്കാന്‍ പറ്റൂല്ല. അതോണ്ട് അവനെ ഇവര്ക്ക് കൊല്ലേണ്ടി വന്നു. അല്ലാതെ വേറെ വഴിയില്ലല്ലോ. വിശ്വാസം വരാതെ ഒരു ഞെട്ടലോടെ അച്ഛനെ നോക്കിയപ്പോള്‍ സത്യമാണെന്ന് അച്ഛനും തലയാട്ടി! കേട്ടത് എന്താണെന്ന് ഉള്‍ക്കൊള്ളാനാവാതെ ചലനമറ്റ് ഞാനും!
ശിംബൂനെ കടിച്ച ദിവസം കുറുക്കന്റ കടിയേറ്റ ഒരു പശൂന് പേയിളകിയതറിഞ്ഞ് ശിംബൂനെ ഉടനെ കൊല്ലണമെന്ന് ആരൊക്കെയോ അച്ഛനെ ഉപദേശിക്കയായിരുന്നു. അങ്ങനെയാണ് ഞങ്ങളെ അറിയിക്കാതെ അച്ഛന്‍ പരിചയത്തിലുള്ള ഒരാളെ പണം നല്‍കി ഇതിനായി എര്‍പ്പാടാക്കിയത്. ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് അയാള്‍ നല്‍കിയെങ്കിലും തിരിച്ചറിഞ്ഞതു പോലെ അവന്‍ അത് തൊട്ടുനോക്കുക പോലും ചെയ്തില്ല. അങ്ങനെയാണ് അവനെ തൂക്കിക്കൊല്ലാന്‍ തീരുമാനിച്ചതെന്ന് പിന്നീട് അമ്മ പറഞ്ഞാണ് അറിഞ്ഞത്.
സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന അവനോട് ഞങ്ങള്‍ക്ക് ചെയ്യേണ്ടി വന്ന ക്രൂരതയോര്‍ക്കുമ്പോള്‍ മനസ്സിലിപ്പോഴും ഒരു വിങ്ങലാണ്. ചിരിച്ചു കൊണ്ട് ഓടി വന്ന് ഞങ്ങളെ ചേര്‍ന്ന് നില്‍ക്കുന്ന അവന്റെ രൂപം മനസ്സില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നു, മായാതെ!