കോവിഡ് കാലത്തെ അടച്ചിരിപ്പ് തുടങ്ങിയതോടെ കേള്‍ക്കാന്‍ തുടങ്ങിയതാണ് പുതിയൊരു പേര്, ബ്ലാക്ക് മാന്‍. രാത്രികാലങ്ങളില്‍ ദേഹത്ത് കരിപുരട്ടി, മുഖം മൂടി അണിഞ്ഞ ബലിഷ്ഠനായ ഒരാള്‍, അമാനുഷിക ശക്തിയോടെ, വീടുകളുടെ വാതിലില്‍ മുട്ടുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രചരിക്കുന്നത്. അനുഭവസ്ഥര്‍ വിവരിക്കുന്നതും കാണുന്നുണ്ട്. പല സ്ഥലത്തും ഒരേ സമയം കാണുന്നുവെന്നും ജനല്‍ച്ചില്ലുകള്‍ അടിച്ചു പൊട്ടിക്കുന്നു, വീടിന്റെ മുകള്‍ നിലയിലേക്ക് കയറി ഒരു പക്ഷിയെപ്പോലെ താഴേക്ക് പറക്കുന്നതു കണ്ടുവെന്നും മറ്റ് ചിലര്‍. ഇതു വരെ ആര്‍ക്കും പിടിക്കാന്‍ പറ്റിയിട്ടില്ല. സിസിടിവി യില്‍ പതിയുന്നില്ല. എന്നാല്‍ ഇത്തരം പ്രചരണം ജനങ്ങളെ ഭീതിയിലാഴ്ത്താന്‍ ചിലര്‍ ബോധപൂര്‍വ്വം അഴിച്ചുവിടുകയാണെന്നാണ് പോലീസ് പറയുന്നത്.

എന്തായാലും ആളുകള്‍ക്ക് ഉള്ളില്‍ ഇപ്പോഴും പേടി തന്നെ. നാട്ടിലെ യുവാക്കള്‍ സംഘടിച്ചും, പല റസിഡന്റ്‌സ് അസോസിയേഷനുകളും വാട്‌സ് അപ് ഗ്രൂപ്പുണ്ടാക്കി രാത്രികാലങ്ങളില്‍ കാവലിരുന്നും ഇതിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും നിരാശയാണ് ഫലം.

വിജയേട്ടന്റെ റസിഡന്റ്‌സുകാരും ഈ കാര്യത്തില്‍ വളരെ ജാഗ്രതയിലാണ്. അടുത്ത ദിവസങ്ങളില്‍ നാട്ടിലെ പല വീടുകളിലും കതകില്‍ തട്ടി എന്നു കേട്ടതോടെ വിജയേട്ടനും അസ്വസ്ഥനാണ്. വീട്ടില്‍ ഭാര്യയും കുട്ടികളും മാത്രമാണ്. ദൂരസ്ഥലത്ത് ജോലിയായതിനാല്‍ ആഴ്ചയവസാനമേ വീട്ടിലെത്താന്‍ പറ്റാറുള്ളൂ. ഭാര്യ സജിനയാണെങ്കില്‍ ഇതൊക്കെ കേട്ട് പേടിയോടെയാണ് ഓരോ രാത്രിയും തള്ളി നീക്കുന്നത്.

അന്ന് വിജയേട്ടന്‍ വീട്ടിലെത്തിയ ദിവസമാണ്. രാത്രി വൈകിയും ടേബിള്‍ ലാമ്പിന്റ വെളിച്ചത്തില്‍ മോന്‍ അച്ചൂട്ടന്‍ തിരക്കിട്ട പഠനത്തിലാണ്. എന്തൊക്കെയോ എഴുതിത്തീര്‍ക്കാനുണ്ടത്രെ. ടാ നീ പേടിക്കേണ്ട, പഠിച്ചോ ഞാന്‍ ഉറങ്ങുന്നില്ല, കെടക്കുന്നേയുള്ളൂ എന്ന് പറഞ്ഞ് അകത്തേക്ക് പോയ അച്ഛന്റെ കൂര്‍ക്കം വലി താമസിയാതെ അവന് കേള്‍ക്കാമായിരുന്നു. അമ്മയും അനിയത്തിയും നേരത്തെ ഉറങ്ങിക്കഴിഞ്ഞു. സമയം അര്‍ദ്ധരാത്രി കഴിഞ്ഞിരിക്കുന്നു. ഉറക്കം പതിയെ എത്തിനോക്കാന്‍ തുടങ്ങി. പെട്ടെന്നാണ് മുന്‍വശത്തെ ജനലിന്റെ കതകില്‍ ആരോ ഇടിക്കുന്നത് കേട്ടത്! ചെറിയ ഭയം തോന്നിത്തുടങ്ങി. വീണ്ടും ചെവിയോര്‍ത്തപ്പോള്‍ ശബ്ദം വീണ്ടും! പിന്നെ മറ്റൊന്നും ആലോചിച്ചില്ല. പെട്ടെന്ന് ടാബിള്‍ ലാമ്പ് ഓഫ് ചെയ്ത് മൊബൈല്‍ വെട്ടത്തില്‍ അച്ഛന്റെയടുത്തേക്ക് കുതിച്ചു. മുഖത്തിനടുത്തെത്തി ശബ്ദമുണ്ടാക്കാതെ കുലുക്കി വിളിച്ചു. ഞെട്ടിയുണര്‍ന്ന വിജയേട്ടന്‍ മൊബൈല്‍ വെളിച്ചത്തില്‍ മകന്റെ മുഖം കണ്ട് പേടിച്ച് അയ്യോ… ആരാ …. എന്നലറിയെങ്കിലും ഭാഗ്യത്തിന് ശബ്ദം ഒട്ടും പുറത്തേക്ക് വന്നില്ല. ഭയന്ന് തുറിച്ച് നോക്കുന്ന അച്ഛന്റെ ധൈര്യം കണ്ട് അച്ചൂട്ടന് ചിരി വന്നു. ഒരു വിധം കാര്യം പറഞ്ഞ് അമ്മയെയും അനിയത്തിയെയും ഉണര്‍ത്തി. വിജയേട്ടന്‍ പതുങ്ങി ജനലിനടുത്തെത്തി പുറത്തെ ശബ്ദത്തിനായി ചെവിയോര്‍ത്തു. ശരിയാണ് ആരൊക്കെയോ നടക്കുന്ന പോലെ. ഇതവന്‍ തന്നെ ബ്ലാക്ക്മാന്‍.

പെട്ടെന്ന് മുമ്പ് തീരുമാനിച്ചിരുന്നപോലെ അടുത്ത വീട്ടിലുള്ള ഏട്ടന്റെ നമ്പറിലേക്ക് ഫോണ്‍ റിംഗ് ചെയ്ത് മെസ്സേജിട്ടു ദാ എത്തിയെന്ന് മറുപടി കിട്ടി. ശബ്ദമുണ്ടാക്കാതെ വിറക്കുന്ന കൈകളോടെ പറ്റാവുന്ന ആയുധങ്ങളൊക്കെ കരുതി അടുക്കള വാതില്‍ പതുക്കെ തുറന്ന് പുറത്തിറങ്ങി. ഏട്ടനും മറ്റ് അയല്‍ക്കാരും വീടിനു പുറകില്‍ പതുങ്ങി നില്‍പ്പുണ്ട്. കൈയില്‍ വലിയ വടികളുമായി വീടിന്റ രണ്ടു ഭാഗത്തു കൂടെ ആളുകള്‍ പൂച്ചക്കാല്‍വെപ്പുകളോടെ മുന്‍വശത്തെത്തി.

എല്ലാവരും ഒരുമിച്ച് ടോര്‍ച്ചു ലൈറ്റ് തെളിച്ചു. ഒരു നിമിഷം ആ കാഴ്ച കണ്ട് എല്ലാവരും പകച്ചു നിന്നു പോയി! ഉദ്ദേശിച്ച പോലെ അവര്‍ ഒന്നല്ല, ഒമ്പതുപേര്‍! പക്ഷേ അത് ബ്ലാക്മാനല്ലായിരുന്നു, വയറൊട്ടിയ നാടന്‍ നായ്ക്കള്‍! ഇറയത്തെ നിലം തൊട്ടുനില്‍ക്കുന്ന ജനാലയോട് ചേര്‍ന്ന് തുറിച്ചു നോക്കിക്കൊണ്ട് അവര്‍ നില്‍ക്കുന്നു. അവര്‍ക്ക് മുന്നില്‍ തിന്ന് പാതിയാക്കിയ വിജയേട്ടന്റെ പുത്തന്‍ ചെരിപ്പും!

ആദ്യത്തെ അമ്പരപ്പ് ഒരു കൂട്ടച്ചിരിയായി പിന്നീട്. എനിക്ക് ആദ്യമേ തന്നെ തോന്നി അങ്ങനെ എന്തെങ്കിലുമായിരിക്കൂന്ന്… അകത്തേക്ക് കടക്കുന്നതിനിടയില്‍ തെല്ലൊരു ജാള്യതയോടെ വിജയേട്ടന്‍ പറഞ്ഞൊപ്പിച്ചു.