രാവിലെ വളരെ ധൃതിയിലാണ് വേണ്വേട്ടന്‍ ഞങ്ങളുടെ ‘ആപ്പിള്‍ടോക്കി’ലേക്ക് വന്നത്. മനോഹരാ നീ വര്‍ക്ക് തൊടങ്ങിക്കോ ഞാനൊന്ന് ആര്‍ട്ട് ഗാലറി വരെ പോയി പെട്ടെന്നു വരാം.. ഒരാള്‍ അവിടെ കാത്തിരിക്കുന്നു എന്ന് മന്വേട്ടനോടായി പറഞ്ഞ് ഉടനെ പുറത്തേക്ക് പോയതാണ്.

വയസ്സ് എഴുപത്തഞ്ചിനടുത്തെത്തിയെങ്കിലും ചെറുപ്പക്കാരുടെ ചുറുചുറുക്കോടെ കോഴിക്കോടിന്റെ സാഹിത്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു വേണ്വേട്ടന്‍.. ദൃശ്യതാളം എന്ന സിനിമാ മാസികയുടെ പണി നടക്കുന്നുണ്ട്. അതിന്റെ മുഖ്യ പത്രാധിപരാണ് വേണ്വേട്ടന്‍. അതിനാല്‍ അതിന്റെ പണി തീരുന്നതുവരെ വന്നുംപോയും കുറച്ചു ദിവസം ഞങ്ങളുടെ കൂടെ ഉണ്ടാവും.

അന്ന് ഗാലറിയിലേക്ക് പോയ വേണുവേട്ടന്‍ ആകെ അസ്വസ്ഥനായിട്ടാണ് തിരിച്ചു വന്നത്. ആരോടൊക്കെയോ ഉള്ള ദേഷ്യം ആ മുഖത്ത് അപ്പോഴും കാണാം. എടോ ഗാലറിയില്‍ നിന്ന് പുറത്തു വന്നപ്പോള്‍ എന്റെ ചെരിപ്പ് കാണാനില്ല. പുത്തന്‍ ചെരിപ്പായിരുന്നു. ഞാന്‍ ഗാലറി സൂക്ഷിപ്പുകാരനോട് കുറേ ചൂടായി. ‘അവിടൊക്കെ പരതിനോക്കിയെങ്കിലും ഒരു പെണ്‍ചെരിപ്പ് മാത്രമേ അവിടെ ബാക്കിയുണ്ടായിരുന്നുള്ളൂ .. അവൻ നിസ്സഹായനായി കൈമലര്‍ത്തി. ചെരുപ്പു പോലും വിശ്വസിച്ച് അഴിച്ചു വെക്കാന്‍ പറ്റില്ലെന്നായിരിക്കുന്നു….. ഇങ്ങനെയായാല്‍ എന്തു ചെയ്യും. ചെരിപ്പില്ലാതെ എനിക്ക് നടക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അപ്പോത്തന്നെ പോയി പുതിയതൊരെണ്ണം വാങ്ങിയാണ് ഞാന്‍ വരുന്നത്. വേണ്വേട്ടന്‍ അരിശത്തോടെ പറഞ്ഞുനിര്‍ത്തി. കുറച്ചു നേരം കൂടി അവിടെയിരുന്ന് നാളെ വരാംന്ന് പറഞ്ഞ് അവിടെ നിന്ന് പോവുകയും ചെയ്തു.

പിറ്റേന്ന് രാവിലെ ചിരിയോടെയാണ് വേണ്വേട്ടന്‍ വന്നത്. എന്റെ മനോഹരാ ഇന്നലെ ഞാന്‍ വീട്ടിലെത്തിയപ്പോഴാണ് രസം. എന്റെ കാണാതായ ചെരിപ്പ് വീട്ടിലെത്തിയിരിക്കുന്നു! ഇതാര് എങ്ങനെ ഇവിടെ എത്തിച്ചെന്ന് അത്ഭുതത്തോടെ ഞാന്‍ ഭാര്യയോട് ചോദിച്ചു. അവിടാരും വന്നില്ലെന്ന് അവള്‍ ഉറപ്പിച്ചു പറഞ്ഞു. പിന്നെ അത് തനിയെ നടന്നു വന്നതാണോ. കാര്യങ്ങളെല്ലാം ഞാന്‍ അവളോട് പറഞ്ഞെങ്കിലും അവള്‍ക്ക് അത്ര വിശ്വാസം വന്നില്ലാന്ന് തോന്നി. ഇത് ആരുമറിയാതെ ഇവിടെ എത്തിച്ചതാരായിരിക്കുമെന്ന ചിന്തയിലായി ഞാന്‍. ഉച്ചകഴിഞ്ഞ് ഞങ്ങള്‍ക്ക് ഒരു ബന്ധു വീട് സന്ദര്‍ശിക്കേണ്ടതുണ്ടായിരുന്നു. പോകാനിറങ്ങിയപ്പോഴാണ് പ്രശ്‌നം വീണ്ടും തലപൊക്കിയത്. ഭാര്യയുടെ ചെരിപ്പ് കാണാനില്ലത്രെ!

ഇതെന്തൊക്കെയാ ഈ കേള്‍ക്കുന്നത്… പിന്നേം ചെരിപ്പ് മോഷണമോ… ഞങ്ങളാകെ അമ്പരന്നു. എന്താണിങ്ങനെയെന്നറിയാതെ ഓരോന്ന് ആലോചിച്ചുനിന്നപ്പോഴാണ് പെട്ടെന്ന് എന്റെയുള്ളില്‍ ആ സംശയം തലപൊക്കിയത്. ഇപ്പോ വരാംന്ന് ഭാര്യയോട് പറഞ്ഞ് ഞാന്‍ നേരെ ആര്‍ട്ട് ഗാലറീലേക്ക് ചെന്നു.

അപ്പോഴുണ്ട് അവിടെ ഒരു മൂലയില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെപ്പോലെ കരഞ്ഞു തളര്‍ന്ന് ആര്‍ക്കും വേണ്ടാതെ അനാഥമായി അവളുടെ ചെരിപ്പ് കിടക്കുന്നു. ഒരു സ്ത്രീയുടെ ചെരിപ്പ് മാത്രം ഇവിടെ കാണുന്നുണ്ടെന്ന ഗാലറി സൂക്ഷിപ്പുകാരന്റെ വാക്കുകള്‍ പെട്ടെന്ന് മനസ്സിലേക്ക് വന്നപ്പോഴാണ് എനിക്ക് സംശയം തോന്നി അവിടേക്ക് പോയത്.

അപ്പോളെനിക്കെല്ലാം വ്യക്തമായെടോ… എനിക്ക് പറ്റിയൊരു അബദ്ധം. നിനക്ക് കേക്കണോ… ഇന്നലെ രാവിലെ ധൃതിയില്‍ വരുന്നതിനിടയില്‍ ഞാന്‍ ഭാര്യയുടെ ചെരിപ്പും ഇട്ടോണ്ടാണ് വന്നിരുന്നത്!

ഇത് പറഞ്ഞു തീര്‍ന്നില്ല ഞങ്ങളുടെ കൂട്ടച്ചിരിയായിരുന്നു പിന്നീട്… പണ്ട് ഓരോ കാലിലും രണ്ടുതരം ചെരിപ്പുമിട്ട് ഓഫീസിലേക്ക് കയറിവന്ന കുഞ്ഞാമുക്കയെയും കടത്തിവെട്ടിയല്ലോ വേണ്വേട്ടന്‍. എന്തായാലും ചേച്ചിയുടെ ചെരിപ്പും ഇട്ട് വേണ്വേട്ടന്‍ നടന്നു പോകുന്ന രംഗം ആലോചിക്കുംതോറും ഇപ്പോഴും ചിരിയടക്കാനാവുന്നില്ല.