കോട്ടയത്തുള്ള ഒരു കൂട്ടുകാരിയോട് ഫോണില്‍ സംസാരിക്കുന്നതിനിടയിലാണ് അവള്‍ ചാപ്പിച്ചമ്പേടേം ചില്ലമ്പലീടേം കാര്യം ഓര്‍മ്മിപ്പിച്ചത്. എങ്ങനെ മറക്കും. പത്തിരുപത് കൊല്ലം മുമ്പ് കോട്ടയത്തായിരുന്നപ്പോള്‍ അപ്പൂന്റെ കൂട്ടുകാരായിരുന്നല്ലോ ഇവര്‍ രണ്ടു പേരും!

ഒരു ദിവസം കളിക്കുന്നതിനിടയില്‍ അപ്പു ആരോടോ ഉറക്കെ സംസാരിക്കുന്നത് കേട്ടാണ് അടുക്കളയില്‍ നിന്ന് വന്നു നോക്കിയത്. ആരേം കണ്ടില്ല. തോന്ന്യതാവും. കളിപ്പാട്ടങ്ങളുമായി കളിച്ചോണ്ടിരിക്കയാണ് രണ്ടര വയസ്സുകാരനായ അവന്‍. കുറച്ച് കഴിഞ്ഞ് വീണ്ടും കേട്ടു അവന്‍ ആരോടോ വര്‍ത്താനം പറയുന്നത്. വേഗം അവന്റടുത്തെത്തി. അപ്പോഴും ആരേയും കണ്ടില്ല! മോനാരോടാ സംസാരിച്ചേ ചീധരമ്മാമ പോയോ ഇതുവഴി ഞാന്‍ സംശയത്തോടെ ചോദിച്ചു.

ഞങ്ങള്‍ താമസിക്കുന്ന വീടിന്റെ ഉടമസ്ഥനാണ് ചീധരമാമനെന്ന് അപ്പു വിളിക്കുന്ന ശ്രീധരന്‍ നായര്‍. നാട്ടിലെ വലിയൊരു ജന്മിയാണ്. ഞങ്ങളുടെ തൊട്ടടുത്ത വീടാണ് അവരുടേത്. ഭാര്യ ഓമനച്ചേച്ചിയും മുതിര്‍ന്ന രണ്ടു കുട്ടികളുമാണ് അവിടെ. ജയയും കുട്ടനും. അവര്‍ക്ക് മോനെ വല്യ ഇഷ്ടമാണ്. എന്നും വന്ന് അവനെ അവരുടെ വീട്ടിലേക്ക് കൊണ്ടു പോകും. ഞങ്ങളുടെ വീടിനു മുന്നിലൂടെയാണ് അവര്‍ പുറത്തേക്ക് പോകുന്നത്. അവരെ ദൂരെ നിന്ന് കാണുമ്പോഴേക്കും അപ്പു ചെരിപ്പൊക്കെയിട്ട് കൂടെ പോകാന്‍ റെഡിയാകും. അടുത്തിടെയായി അവര്‍ ഒരു ആനയെ വാങ്ങിയിട്ടുണ്ട്. പിന്നെ പശു, പട്ടി, പൂച്ച എല്ലാമുണ്ട് അവരുടെ വീട്ടില്‍. അവിടെയെത്തി അവയെ കണ്ടിരിക്കലാണ് പ്രധാന വിനോദം. ഞങ്ങള്‍ തടഞ്ഞാല്‍ പിന്നെ കരച്ചിലും ശാഠ്യവുമാവും.

ചീധരമാമനോടാണോ മോന്‍ സംസാരിച്ചേ ഉറപ്പു വരുത്താനായി ഞാന്‍ വീണ്ടും. ഇല്ലമ്മാ അത് ചില്ലമ്പലിയും ചാപ്പിച്ചമ്പെയാ…

ങേ ആരാ … എന്താ .. മനസ്സിലാവാതെ ഞാന്‍ ചോദിച്ചപ്പോള്‍ വീണ്ടും അതു തന്നെ മറുപടി. ന്ന്ട്ട് എവിടെ?

അമ്മേന കണ്ടപ്പം ചില്ലമ്പലീം ചാപ്പിച്ചമ്പേം ഓടിക്കളഞ്ഞില്ലേ. അവന്‍ പിന്നേം കളികളില്‍ മുഴുകി. ഞാനാകെ ആലോചനയിലായി. ഇവനാരെക്കുറിച്ചാവും പറയുന്നത്. ഈ പേര് എങ്ങനെ അവന് കിട്ടി!

പിന്നീട് ഓരോ ദിവസവും അവന്റെ ഒറ്റയ്ക്കുള്ള സംസാരം ഞങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങി. എടാ ചില്ലമ്പലീ അവിട നിക്ക്, അതെടുക്കല്ലേ, ഇങ്ങോട്ട് വാ, എനിക്ക് താ തുടങ്ങി ശരിക്കും ആരോ തൊട്ടടുത്തുള്ളതുപോലെ അവന്‍ സംസാരിക്കുന്നു, അ വരുടെ കൂടെ കളിക്കുന്നു!

ഞാനടുത്തു പോയി എവിടെ ചാപ്പിച്ചമ്പേം ചില്ലമ്പലിയും എന്നു ചോദിക്കുമ്പോള്‍ അമ്മ വന്നപ്പോ അവര്‍ അങ്ങ് പോയി എന്നവന്‍. പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവന്‍ തൊട്ടടുത്ത് നില്‍ക്കുന്ന അവരെ ചൂണ്ടി എനിക്ക് കാണിച്ചു തന്നു ദാ… ചില്ലമ്പലീം ചാപ്പിച്ചമ്പേം.! അവരെ കാണുന്നതുപോലെ ഞാനും അങ്ങോട്ടു നോക്കി ചിരിച്ചു. മോന്‍ പന്തെടുത്ത് അവര്‍ക്ക് എറിഞ്ഞു കൊടുക്കുന്നു! അവരോട് ചിരിക്കുന്നു, ദേഷ്യപ്പെടുന്നു! ഞാനാകെ അമ്പരന്നു നില്പായി. കുറച്ചു നേരം കളിച്ച ശേഷം അവര്‍ പോയെന്നും പറഞ്ഞ് തിരികെ വരുന്നു!

അടുത്ത വീട്ടിലെ ഒരു അമ്മൂമ്മ ഇത് കണ്ട് പറഞ്ഞു അവന്‍ ശരിക്കും ആരെയൊക്കെയോ കാണുന്നുണ്ട്. ചെറ്യ കുട്ട്യോള്‍ക്ക് അങ്ങനെയൊക്കെ പറ്റും. ഇടയ്ക്ക് എനിക്കും സംശയം തോന്നിത്തുടങ്ങി.

ആയിരിക്കുമോ? ഞങ്ങള്‍ക്ക് കാണാത്തതും കേള്‍ക്കാത്തതും കുഞ്ഞുങ്ങള്‍ക്ക് പറ്റുന്നുണ്ടാവുമോ? അവന്‍ ആരെയെങ്കിലും ശരിക്കും കാണുന്നുണ്ടോ? അതോ അവന്റെ കുഞ്ഞു മനസ്സിന്റെ വെറും ഭാവനകളോ?

പതിയെപ്പതിയെ അവന്റെ ഈ സ്വഭാവം ഞങ്ങള്‍ക്ക് ശീലമായി. അയല്‍ക്കാരും അവനോട് ചില്ലമ്പലിയുടെയും ചാപ്പിച്ചമ്പയുടെയും സുഖവിവരങ്ങള്‍ ചോദിച്ചു തുടങ്ങി. ഞങ്ങളുടെ സുഹൃത്തുക്കള്‍ക്കും അപ്പൂന്റെ കുട്ടുകാരെ അറിയാം. അവനെ തടയേണ്ടെന്നും ഭാവനാസമ്പന്നനായ കുട്ടിയായി അവനങ്ങനെ വളരട്ടെയെന്നും ചിലര്‍.

പിന്നീട് കോട്ടയത്തുനിന്ന് കോഴിക്കോടേക്ക് താമസം മാറിയപ്പോഴും കൂട്ടുകാര്‍ അവന്റെ കൂടെ വന്നു! അവര്‍ അവരുടെ കൂടെ കളിക്കുന്നതും വര്‍ത്താനം പറയുന്നതും പലരും കൗതുകത്തോടെ നോക്കി നില്‍ക്കും. അവന്‍ യു.കെ ജി ക്ലാസ് കഴിയുന്നവരേയും അവര്‍ കൂടെയുണ്ടായിരുന്നു. പിന്നീട് എപ്പോഴോ അറിയാതെ അവര്‍ അവനെ വിട്ട് പോവുകയും ചെയ്തു.

ഇന്നതൊന്നും അവന്റെ ഓര്‍മ്മയില്‍ പോലുമില്ല. വര്‍ഷങ്ങള്‍ക്കു ശേഷം അവനെയിത് ഓര്‍മ്മിപ്പിച്ചപ്പോള്‍ ഞാനോ എന്ന് അത്ഭുതത്തോടെ അവനത് ചിരിച്ചു തള്ളി.