ഏതാണ്ട് പന്ത്രണ്ട് വര്‍ഷം മുമ്പാണ്. സ്വര്‍ണ്ണത്തോടൊക്കെ ഇഷ്ടം തോന്നിയിരുന്ന കാലം. നിനക്ക് ഓണത്തിന് സ്വര്‍ണ്ണം എന്തോ വാങ്ങാനുണ്ടെന്ന് പറഞ്ഞിരുന്നില്ലേ ദാ കുറച്ചു രൂപ എന്താന്നു വെച്ചാ വാങ്ങിക്കോ. ബാക്കി കൊറച്ചൊക്കെ നിന്റെ കൈയിലും കാണില്ലേ… എന്ന് ഓണത്തിന് ഒരാഴ്ച മുമ്പാണ് കുറച്ചു നോട്ടുകളെടുത്ത് എന്റെ കൈയിലേക്ക് തന്നു കൊണ്ടു മന്വേട്ടന്‍ പറഞ്ഞത്. ശരിയാണ് ഒരു വള വാങ്ങണമെന്ന് കരുതിയിരുന്നതാണ്. ഇനിയിപ്പോ ഓണത്തിരക്കായില്ലേ. വീട്ടിലൊക്കെ പോയി വന്നിട്ട് അടുത്തയാഴ്ച വാങ്ങാം. അടുത്ത മാസം ഏട്ടന്റെ മകളുടെ കല്യാണമല്ലേ. എന്തായാലും അവള്‍ക്ക് കൊടുക്കാനായി വാങ്ങണം. അപ്പോ ഒന്നിച്ച് വാങ്ങിയാ മതീന്ന് ഞാനാണ് പറഞ്ഞത്. ന്നാ പണം ബാങ്കിലിടണോ എന്ന ചോദ്യത്തിന് ഞാന്‍ തന്നെ സൂക്ഷിക്കാം എന്ന് പെട്ടെന്ന് തന്നെ മറുപടീം കൊടുത്തു. എന്റെ അതിബുദ്ധി! കൊടുത്താല്‍ പിന്നെ അത് വേറെ ആവശ്യങ്ങളില്‍ മുങ്ങിപ്പോയാലോ. പിന്നീട് എവിടെപ്പോയെന്ന് അരിച്ചുപെറുക്കിയാലും കാണില്ല!
മന്വേട്ടന്‍ തന്നതും എന്റെ കൈയിലുള്ളതുമെല്ലാം കൂടി നാല്പതിനായിരത്തിനടുത്തുണ്ട്. ഞാന്‍ അത് ഭദ്രമായി ഒരു പേഴ്‌സിലാക്കി അലമാരയില്‍ സൂക്ഷിച്ചു. രണ്ടു ദിവസം കഴിഞ്ഞ് നാട്ടിലേക്കു പോകും. ഒരാഴ്ച കഴിഞ്ഞേ തിരിച്ചുവരുള്ളൂ. വെറുതെ കയ്യില്‍ കൊണ്ടു നടക്കണ്ടല്ലോ. അന്ന് ഞങ്ങള്‍ താമസിച്ചിരുന്നത് ഓടിട്ട പഴയ ഒരു തറവാട്ടുവീട്ടിലായിരുന്നു. കുറച്ചു മാസങ്ങളേയായുള്ളൂ ആ പുതിയ വാടക വീട്ടിലേക്ക് മാറിയിട്ട്. വീട്ടിലെ മൂന്നു കിടപ്പു മുറികളുള്ളതില്‍ രണ്ടു മുറികളിലെ റാക്കുകളിലും മേശപ്പുറത്തുമായി നിറയെ പുസ്തകങ്ങളാണ്. ഞാനെത്ര അടുക്കി വെച്ചാലും രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ പുസ്തകങ്ങളും മാസികകളും കടലാസുകളും പിന്നേയും മേശപ്പുറത്തും മുറിയിലും യാതൊരടുക്കും ചിട്ടയുമില്ലാതെ വലിച്ചു വാരിത്തന്നെ കിടക്കും. ഞങ്ങള്‍ മിക്കവാറും വഴക്കിടുന്നതും ഈയൊരു കാര്യത്തിനാണ്. ഈ പുസ്തകങ്ങള്‍ മാത്രമേയുള്ളൂ സമ്പാദ്യം എന്ന് പുള്ളി ഇടയ്ക്ക് തമാശയായി പറയുകയും ചെയ്യും.
വീട്ടിലേക്ക് പോകുന്നതിന്റെ തലേന്ന് ഞാന്‍ പേഴ്‌സെടുത്ത് റാക്കിലെ പുസ്തകത്തിനിടയില്‍ തിരുകി വെച്ചു. പലപ്പോഴും വീട്ടിലേക്ക് പോകുമ്പോഴൊക്കെ സ്വര്‍ണ്ണവും മറ്റും ഇങ്ങനെ ചെയ്യാറാണ് പതിവ്. കള്ളന്മാരുടെ ശല്യം ഇതേവരെ ആ പരിസരത്ത് ഉണ്ടായിട്ടില്ല. അഥവാ കേറിയാല്‍ തന്നെ കള്ളന് ഇത് കണ്ടു പിടിക്കണമെങ്കില്‍ ഒരു രാത്രി മതിയാവില്ല. അവസാനം തെരഞ്ഞ് മടുത്ത് കള്ളന് തിരിച്ചു പോകേണ്ടിയും വരും. ഞാനാണെങ്കില്‍ പുസ്തകത്തിനിടയില്‍ പേഴ്‌സ് വെച്ച് ആ പുസ്തകം ഏതാണെന്ന് ഓര്‍ത്തുവെക്കും. ഓണാഘോഷത്തിനു ശേഷം ഒരാഴ്ചകഴിഞ്ഞ് തിരിച്ചെത്തി രണ്ടു ദിവസം കഴിഞ്ഞ് ഒരു ഉച്ചനേരത്താണ് കിടപ്പുമുറിയുടെ മൂലയില്‍ നിന്ന് പാമ്പിനെപ്പോലെ ചുമരിലേക്ക് നീണ്ടു പോകുന്ന ചിതല്‍ വീടുകള്‍ യാദൃശ്ചികമായി കണ്ണില്‍ പെട്ടത്. അപ്പോഴാണ് ഒരു ആന്തലോടെ ഞാന്‍ അകത്തെ റാക്കിനടുത്തേക്ക് കുതിച്ചത്. ധൃതിയില്‍ പേഴ്‌സ് സൂക്ഷിച്ച പുസ്തകം വലിച്ചെടുത്ത ഞാന്‍ ഞെട്ടിപ്പോയി! ദൈവമേ! അത് പകുതിയും ചിതല്‍ തീര്‍ത്തിരിക്കുന്നു! ഒരു വിറയലോടെ ഞാന്‍ അതിനിടയില്‍ നിന്നും പേഴ്‌സ് എടുത്തു. ഭാഗ്യം, മണ്ണ് പുരണ്ടിട്ടുണ്ടെങ്കിലും ലതര്‍ പേഴ്‌സ് ചിതല്‍ തൊട്ടിട്ടില്ല. ഞാന്‍ ആശ്വാസത്തോടെ അത് തുറന്നു നോക്കി! എന്നാല്‍ അടുത്ത നിമിഷം ഞാന്‍ ശ്വാസം നിലച്ച മട്ടിലായിപ്പോയി.
പേഴ്‌സിന്റെ സൈഡില്‍ക്കൂടി അകത്തു കടന്ന ചിതലുകള്‍ എന്റെ അഞ്ഞൂറിന്റേയും ആയിരത്തിന്റെയും നോട്ടുകളില്‍ പകുതിയും തിന്നു തീര്‍ത്തിരിക്കുന്നു! എന്തു ചെയ്യണമെന്നറിയാതെ മരവിച്ചു നിന്നു പോയ ഞാന്‍ പതിയെ നോട്ടുകള്‍ പുറത്തെടുത്ത് പരിശോധിച്ചു. നല്ല നോട്ടുകള്‍ മാറ്റിവെച്ചു. ചിലതൊക്കെ രണ്ടും മൂന്നു പീസായി കൈയില്‍ കിട്ടി. പിന്നീട് റാക്കിനടുത്തേക്ക് പോയി പുസ്തകങ്ങളൊക്കെ വലിച്ചു താഴെയിട്ടപ്പോഴാണ് ചുമരില്‍ നിന്നും കൈകള്‍ പോലെ നീണ്ടു വന്നിരിക്കുന്ന ചിതല്‍ വീടുകള്‍ കണ്ടത്. അപൂര്‍വ്വമായ പല പുസ്തകങ്ങളും ചിതലുകള്‍ വായിച്ചു തീര്‍ത്തിരിക്കുന്നു. ചില പുസ്തകങ്ങള്‍ തിന്ന് ഉച്ഛിഷ്ടം പോലെ അല്പം മാത്രം മാറ്റിവെച്ചിട്ടുമുണ്ട്! എന്നാലും ഒരാഴ്ചകൊണ്ടിങ്ങനെ!
ഓഫീസില്‍ നിന്നു വന്ന മന്വേട്ടനോട് കാര്യം അവതരിപ്പിച്ചപ്പോള്‍ പോയതു പോയി സാരമില്ല. ഇനി അതോര്‍ത്ത് വിഷമിച്ചിട്ട് കാര്യമില്ലല്ലോ എന്ന് ആശ്വസിപ്പിച്ചു. ബാങ്ക് മാനേജരായ സുഹൃത്തിനോട് വിവരം പറഞ്ഞു. പേടിക്കേണ്ട നമുക്ക് നോക്കാംന്നുള്ള മറുപടി കിട്ടിയപ്പോള്‍ അല്പം പ്രതീക്ഷയായി. പന്ത്രണ്ടായിരത്തോളം രൂപയാണ് ചിതലുകള്‍ രുചിച്ചു നോക്കിയത്. ബാക്കിക്ക് വല്യ കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല. അതില്‍ അഞ്ഞൂറിന്റെ മൂന്നെണ്ണം നമ്പറുപോലും കാണാത്ത വിധം കഷണങ്ങളായിപ്പോയിരുന്നു.
ഭാഗ്യത്തിന് അതൊഴികെ ബാക്കിയെല്ലാം മാറിക്കിട്ടി. അതിന്നും ഭദ്രമായി സൂക്ഷിക്കുന്നുണ്ട് ചില ഓര്‍മ്മപ്പെടുത്തലുകള്‍ക്കെന്ന പോലെ. അന്ന് നിര്‍ത്തിയതാണ്, അതിനു ശേഷം പിന്നീട് ഇന്നേ വരെ നോട്ടുകള്‍ സൂക്ഷിച്ചു വെക്കുന്ന ശീലം എനിക്കുണ്ടായിട്ടേയില്ല