തികഞ്ഞ ഒരു കമ്മ്യൂണിസ്റ്റ്കാരനാണ് ഗോപാലേട്ടന്‍. ഒരു പുരോഗമനവാദി. കുടുംബത്തിലെ മൂത്തയാളാണ്. അല്പം ഗൗരവക്കാരനായ ഇദ്ദേഹം കര്‍ശന നിലപാടുകാരനാണ്. കുടുംബത്തിലുള്ള മറ്റുള്ളവരെല്ലാം ഭയഭക്തി ബഹുമാനത്തോടുകൂടിയേ അദ്ദേഹത്തോട് പെരുമാറാറുള്ളൂ.
യാതൊരുവിധ ദുശ്ശീലങ്ങളുമില്ലാത്ത ഗോപാലേട്ടന്‍ പലരേയും നേര്‍വഴി നടത്താനും ശ്രമിക്കാറുണ്ട്. ഒരിക്കല്‍ അടുത്ത ബന്ധുവായ ചെറുപ്പക്കാരന് ഒരബദ്ധം പറ്റി . ആരുമറിയാതെ ചെറുതായി പുകവലിക്കുന്ന ശീലമുണ്ടായിരുന്നു പുള്ളിക്ക്. ആള്‍ സന്ധ്യ കഴിഞ്ഞ് പുറത്തൊക്കെയൊന്ന് കറങ്ങി ഇരുട്ടിലൂടെ തിരിച്ചു വരുമ്പോള്‍ ചുണ്ടത്ത് സിഗരറ്റെരിയും. പതിവുപോലെ ഒരു ദിനം വീട്ടിലേക്ക് വരുന്നതിനിടയില്‍ എതിരെ ആരോ നടന്നു വരുന്നതായി മനസ്സിലായി. കനത്തയിരുട്ടാണ്. അടുത്തെത്തിയതും ആരാണെന്നറിയാനായി ചുണ്ടത്തെ സിഗരറ്റൊന്ന് ആഞ്ഞുവലിച്ചതാണ്. ഞെട്ടിപ്പോയി, ഗോപാലേട്ടനായിരുന്നു അത്! നേര്‍ത്ത വെളിച്ചത്തില്‍ ഒരു നോക്ക് കണ്ടതേയുള്ളൂ. സിഗരറ്റ് വലിച്ചെറിഞ്ഞ് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു , ഗോപാലേട്ടന്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല എന്ന വിശ്വാസത്തോടെ. എന്നാല്‍ പിറ്റേന്ന് ഒരു പായ്ക്കറ്റ് സിഗരറ്റും വാങ്ങിയാണ് ഗോപാലേട്ടന്‍ അവന്റെ മുന്നിലെത്തിയത്. പിന്നെ പറയേണ്ടല്ലോ, അന്നു നിന്നുപോയതാണ് ആ ആളുടെ പുകവലിശീലം.
ഗോപാലേട്ടന് ഈശ്വരവിശ്വാസം തീരെയില്ല. അമ്പലങ്ങളിലൊന്നും പോകാറേയില്ല. ഇതിനെയൊക്കെ വിമര്‍ശനബുദ്ധിയോടെ കാണുകയും എതിര്‍ക്കുകയും പതിവാണ്. വിശ്വാസത്തിന്റെ പേരില്‍ വീട്ടില്‍ നടത്തുന്ന ചടങ്ങുകള്‍ക്കൊക്കെ എതിരായിരുന്നു. ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കാനും താല്പര്യമില്ലായിരുന്നു. കര്‍ക്കടക വാവിന് വീടുകളില്‍ കാരണവന്മാര്‍ക്ക് കൊടുക്കുന്ന ചടങ്ങിനെയൊക്കെ വെറും അന്ധവിശ്വാസങ്ങള്‍ മാത്രമാണെന്ന് കളിയാക്കി സംസാരിക്കും. അതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യും.
ഗോപാലേട്ടന്റ പെങ്ങളുടെ ഭര്‍ത്താവ് മരിച്ച് നാല്പത്തിയൊന്നിന്റെ ചടങ്ങ് നടക്കുന്നു. ചിതാഭസ്മം ശേഖരിക്കുന്ന പതിവ് ഇല്ല. പകരം ബന്ധുക്കളുടെ കൂടെ കുഴിമാടത്തില്‍ പോയി കര്‍മ്മി ഹോമങ്ങള്‍ നടത്തി ആത്മാവിനെ ഒരു കുടത്തിലേക്ക് ആവാഹിച്ചു കൊണ്ടുവരും. ഇത് പിന്നീട് ബന്ധുക്കള്‍ തിരുനെല്ലി പാപനാശിനിയില്‍ കൊണ്ടുപോയി സമര്‍പ്പിക്കുന്നതാണ് ചടങ്ങ്.
പലരുടെയും നിര്‍ബന്ധപ്രകാരം മനസ്സില്ലാമനസ്സോടെയാണ് കര്‍മ്മം നടക്കുന്ന കുഴിമാടത്തിനരികിലേക്ക് ഗോപാലേട്ടന്‍ പോയത്. അവിടെ കര്‍മ്മി ഒരു മണ്‍കുടത്തിലേക്ക് ആത്മാവിനെ ആവാഹിക്കാന്‍ തുടങ്ങി. ഗോപാലേട്ടനാണെങ്കില്‍ ഇതൊക്കെ കണ്ട് ഉള്ളിലെ ദേഷ്യം കടിച്ചുപിടിച്ചു സഹിച്ചിരുന്നു. അവസാനം ആവാഹിച്ചു കഴിഞ്ഞ് കുടവുമായി എല്ലാവരും വീട്ടിലെത്തി.
വീട്ടിലെത്തിയപ്പോഴാകട്ടെ മരിച്ചയാള്‍ കുടത്തില്‍ ഉള്ളതുപോലെയാണ് എല്ലാവരുടെയും പെരുമാറ്റം. ഇതൊക്കെ കണ്ട് എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട ഗോപാലേട്ടന്‍ ഉടനെത്തന്നെ കര്‍മ്മിയെ വിളിച്ച് ദൂരേയ്ക്ക് മാറി നിന്ന് അയാളോട് ദേഷ്യപ്പെട്ടു. മരിച്ചു കഴിഞ്ഞാല്‍ എല്ലാം അവിടെ അവസാനിച്ചു. പിന്നെ എന്തിനാ വെറുതെ ഇങ്ങനെ ഓരോ ചടങ്ങുകള്‍. ഇതെല്ലാം വെറും അന്ധവിശ്വാസങ്ങളാണ്. ഇനിയെങ്കിലും ഇത്തരം കാര്യങ്ങള്‍ ചെയ്യാതിരിക്കണം എന്നൊക്കെ കുറേ ഉപദേശങ്ങളും നല്‍കി.
ഗോപാലേട്ടന്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഭാര്യയും മക്കളും ദൈവ വിശ്വാസികളാണ്. ഭാര്യ ശാരദേച്ചി വലിയൊരു കൃഷ്ണ ഭക്തയാണ്. എന്തിനും ഏതിനും കൃഷ്ണനെ വിളിച്ച് പ്രാര്‍ത്ഥിക്കും.
മക്കളെല്ലാം കല്യാണം കഴിഞ്ഞ് പോയതോടെ ഗോപാലേട്ടനും ശാരദേച്ചിയും മാത്രമായി വീട്ടില്‍. പ്രായമായതോടെ ചില്ലറ അസുഖങ്ങളും കൂട്ടിനുണ്ട്. ഗോപാലേട്ടന് മാറ്റമൊന്നുമില്ല, പണ്ടത്തെപ്പോലെ ഇന്നും നിരീശ്വരവാദിതന്നെ.
ചെറിയ കാല്‍ കടച്ചില്‍ തുടങ്ങിയതിനാല്‍ അതിനുള്ള മരുന്നും പുരട്ടിയാണ് അന്ന് രാത്രി ഉറങ്ങാന്‍ കിടന്നത്. ഉറക്കത്തിലെപ്പോഴോ കാല്‍മുട്ടിന് കലശലായ വേദന സഹിക്കാതായപ്പോഴാണ് ഭാര്യയെ വിളിച്ചുണര്‍ത്തിയത്. ഇതിനിടയില്‍ മേശപ്പുറത്തു നിന്നും വേദനക്കുള്ള ഗുളികയെടുത്ത് കഴിക്കുകയും ചെയ്തു.
ഉറക്കത്തില്‍ നിന്നും ഗോപാലേട്ടന്റെ വിളി കേട്ട് ഞെട്ടിയുണര്‍ന്ന ശാരദേച്ചി കാണുന്നത് ഉറക്കത്തിനിടയില്‍ എന്തൊക്കെയോ പറഞ്ഞ് കൃഷ്ണനെ വിളിച്ചു കരയുന്ന ഗോപാലേട്ടനെ ! ഇതെന്തൊരത്ഭുതം! വിശ്വാസം വരാതെ മുഖത്തേക്ക് നോക്കിയപ്പോള്‍ വീണ്ടും പറയുന്നു ഒന്ന് നീ കൃഷ്ണനെ വിളിക്കൂ എനിക്ക് കാലിന്റെ വേദന കൊണ്ട് സഹിക്കാനാവുന്നില്ലാ എന്ന്.
ശരി, ആദ്യം മരുന്ന് പുരട്ടിത്തരാം പെട്ടെന്ന് മരുന്നെടുത്ത് പുരട്ടിക്കൊടുത്തു. ഇതിനിടയിലും ശാരദേച്ചിക്ക് എന്തെന്നില്ലാത്ത സന്തോഷമാണ് തോന്നിയത്. ഇപ്പോഴെങ്കിലും ദൈവത്തെ ഓര്‍ത്തല്ലോ! വേഗം തന്നെ അടുത്ത മുറിയിലുള്ള കൃഷ്ണവിഗ്രഹത്തിന്റെ മുന്നിലെത്തി ഒരു ചന്ദനത്തിരി കത്തിച്ച് കൃഷ്ണാ രക്ഷിക്കണേ … എന്ന് ശാരദേച്ചി അല്പനേരം കണ്ണടച്ചു പ്രാര്‍ത്ഥിച്ചു. തിരിച്ചു വന്നപ്പോഴേക്കും ഗോപാലേട്ടന്‍ വീണ്ടും ഉറക്കം പിടിച്ചിരുന്നു.
ഗോപാലേട്ടനു വന്ന മാറ്റത്തെക്കുറിച്ചായിരുന്നു രാവിലെ എഴുന്നേറ്റതു മുതല്‍ ശാരദേച്ചിയുടെ ചിന്ത. എന്തായാലും അവസാനം ഇപ്പോഴെങ്കിലും ദൈവ വിശ്വാസം ഉണ്ടായല്ലോ. എന്റെ പ്രാര്‍ത്ഥന കൊണ്ട് വേദനേം മാറിയല്ലോ!
എന്തൊക്കെ പറഞ്ഞതായിരുന്നു… നിങ്ങക്ക് ഇപ്പോ മനസ്സിലായില്ലേ… ഇറയത്ത് പത്രം വായിച്ചു കൊണ്ടിരിക്കുന്ന ഗോപാലേട്ടന് ചായയുമായെത്തിയ ശാരദേച്ചി ചിരിയോടെ പറഞ്ഞു തുടങ്ങി. എന്ത് മനസ്സിലായില്ലേന്ന്? ചോദ്യഭാവത്തില്‍ ഗോപാലേട്ടന്‍. ദൈവം ഇല്ലാന്നു വാദിച്ചിട്ട് അവസാനം ദൈവത്തെ വിളിച്ചുതന്നെ കരഞ്ഞില്ലേ ഇന്നലെ രാത്രി ഉറക്കത്തില്‍…. എന്നോടും കൃഷ്ണനെ വിളിച്ച് പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞില്ലേ … ശാരദേച്ചി ചെറിയൊരു പരിഹാസച്ചിരിയോടെ മുഴുമിപ്പിച്ചു.
അതു ശരി നീ അങ്ങനെയാണോ കരുതിയത്… എടോ ഞാന്‍ അങ്ങട്ടേലെ കൃഷ്ണനെ വിളിക്കാനാണ് നിന്നോട് പറഞ്ഞത്. വേദന സഹിക്കാണ്ടായപ്പോള്‍ ഡോക്ടറുടെ അടുത്തേക്ക് പോകാല്ലോന്ന് കരുതി. അവന്‍ രാവിലെ വന്നപ്പം പറഞ്ഞത് നീയും കേട്ടതല്ലേ, എന്താവശ്യമുണ്ടെങ്കിലും എപ്പോ വിളിച്ചാലും വണ്ടിയുമായി അവന്‍ വന്നോളാംന്ന്! അതാ വിളിക്കാന്‍ പറഞ്ഞേ അല്ലാതെ ദൈവത്തെ വിളിച്ചതല്ല. പിന്നെ ആ ഗുളിക കഴിച്ചപ്പോള്‍ വേദന കുറഞ്ഞ് പെട്ടെന്ന് ഉറങ്ങിപ്പോവേം ചെയ്തു. ശാരദേച്ചി പറഞ്ഞത് തീരെ ഇഷ്ടപ്പെടാതെ അല്പം നീരസത്തോടെ ഗോപാലേട്ടന്‍ പറഞ്ഞു നിര്‍ത്തി.
ഗോപാലേട്ടന്‍ പെട്ടെന്നെങ്ങനെയാണ് ഒരു ദൈവവിശ്വാസിയായി മാറിയത് എന്ന ആലോചനയിലായിരുന്ന ശാരദേച്ചിക്ക് അപ്പോഴാണ് കാര്യം മനസ്സിലായത്. തനിക്കു പറ്റിയ അമളിയോര്‍ത്ത് ഒന്നും മിണ്ടാനാവാതെ അവര്‍ മെല്ലെ അകത്തേക്ക് വലിഞ്ഞു.