വൈകുന്നേരമായതോടെ ചന്തൂട്ടൻ വലിയ സന്തോഷത്തിലാണ്‌. ഇന്ന് കർക്കടക വാവാണത്രെ. ആത്ത് വെച്ചോട്ക്ക്ന്ന ദിവസം . തറവാട്ടിൽ എല്ലാവരും എത്തിയിട്ടുണ്ട്. മക്കളും പേരക്കുട്ടികളുമായി വീട് നിറയെ ആൾക്കാർ .

കുട്ടികളെല്ലാം കളിയും ബഹളവുമാണ്. മുതിർന്ന കുട്ടികളടക്കം പത്തിരുപതെണ്ണം കാണും. മിക്കതും മഹാവികൃതികളും. കണ്ണു തെറ്റിയാൽ എന്തെങ്കിലും ഒപ്പിക്കും.

അടുക്കളയിൽ അമ്മയും ഏച്ചിമാരും ഇളയമ്മമാരും തിരക്കിട്ട ജോലിയിലാണ്. പായസോം ഉണ്ണിയപ്പോം ഒക്കെയുണ്ടാക്കുന്നുണ്ട്. ഉണ്ണിയപ്പത്തിന്റെ കൊതിപ്പിക്കുന്ന മണം മൂക്കിലേക്കടിച്ചപ്പോൾ കളിക്കിടയിൽ ആരും കാണാതെ അവൻ ഓടി അടുക്കളയിലെത്തി.

ഏച്ചി അടുപ്പത്തു നിന്നും ഉണ്ണിയപ്പം ഈർക്കിൾ കൊണ്ട് കുത്തിയെടുത്ത് കിണ്ണത്തിലേക്കിടുന്നു . അമ്മ ഓരോ കുഴിയിലും അപ്പക്കൂട്ട് കോരിയൊഴിക്കുന്നു. ധൃതിയിൽ കിണ്ണത്തിലേക്ക് കൈയിട്ട അവൻ ‘എടാ’ എന്ന ഏച്ചിയുടെ അലർച്ചയിൽ അറിയാതെ കൈ പിൻവലിച്ചുപോയി.

മോനേ ഇത് കാരണോന്മാർക്ക് കൊടുത്തിറ്റ് മാത്രേ നമ്മളു തിന്നാവൂ. അതോണ്ട് കുറച്ച് കഴിഞ്ഞ് തരാം. ഇപ്പോ പോയി കളിക്ക്. അപ്പം ചുടുന്നതിനിടെ അമ്മ പറഞ്ഞു. ഇത് കേട്ട ഏച്ചിയുടെ പരിഹാസച്ചിരി കൂടിയായപ്പോൾ അല്പം ദേഷ്യത്തോടെയും നിരാശയോടെയുമാണ് അവൻ അവിടെ നിന്ന് തിരിച്ചു പോയത്.

അമ്മ അകത്തെ മുറിയിൽ വിളക്കും കിണ്ടീം വെച്ച് ഇരിക്കാൻ പലകയുമിട്ട് ഇലകൾ നിരത്തി ചോറും കറിയും മറ്റ് വിഭവങ്ങളുമെല്ലാം വിളമ്പി . ഒരു കിണ്ണത്തിൽ നിറയെ ഉണ്ണിയപ്പവും. എല്ലാം ഒരുക്കിവെച്ച് വാതിലടച്ച് എല്ലാവരും ദൂരേക്ക് മാറിനിന്നു.

കുറച്ചു സമയത്തിനു ശേഷം ഇതൊക്കെ തിരിച്ചെടുക്കാനായി പോയി വാതിൽ തുറന്ന ഇളയമ്മയും അമ്മയും ഒരു ഞെട്ടലോടെ പരസ്പരം നോക്കി ! വിശ്വാസം വരാതെ വീണ്ടും ഇലയിലേക്ക് നോക്കി. സത്യം തന്നെ. പല ഇലകളിലും ഭക്ഷണം വിളമ്പിയതിന്റെ പകുതിയേയുള്ളൂ! ഉണ്ണിയപ്പത്തിന്റെ കിണ്ണവും കാണാനില്ല!

രണ്ടു പേരും പേടിയോടെ തിരിഞ്ഞോടി. കാര്യമറിഞ്ഞ് അച്ഛനും ഇളയച്ഛന്മാരും വന്നു മുറിയിലേക്ക് എത്തിനോക്കി. പലരുടേയും മുഖത്ത് വല്ലാത്തൊരു ഭയം തങ്ങിനിൽക്കുന്നുണ്ടായിരുന്നു. പെട്ടെന്നു തന്നെ വിളമ്പിയ ഭക്ഷണങ്ങളെല്ലാം എടുത്തു മാറ്റി. അച്ഛൻ പുറമെ ധൈര്യം ഭാവിക്കുന്നുണ്ടെങ്കിലും ഉള്ളിലെ ഭയം ഏവർക്കും പെട്ടെന്നു തന്നെ തിരിച്ചറിയാം. പരസ്പരം സംസാരിക്കാതെ ഓരോരോ ആലോചനകളിൽ മുഴുകിയിരിക്കുകയാണ് എല്ലാവരും.

കുട്ടികളെ വിളിക്ക് അവർ കഴിക്കട്ടെ ഇളയമ്മ മറ്റുള്ളവരോടായി പറഞ്ഞു. പലകയുമെടുത്ത് കുട്ടികളെല്ലാവരും ഉത്സാഹത്തോടെ അടുക്കളയിൽ നിരന്നിരുന്നു.

അപ്പോഴാണ് അച്ഛൻ അത് ശ്രദ്ധിച്ചത് ചന്തൂട്ടൻ എവിടെ? ങേ! അവനിവിടെയുണ്ടായിരുന്നല്ലോ… ഇറയത്തിരുന്ന് നേരത്തെ കളിച്ചോണ്ടിര്ന്നത് കണ്ടതാണല്ലോ. എല്ലാവരും മുറികളിലും മുറ്റത്തും അവനെ തെരഞ്ഞെങ്കിലും കണ്ടില്ല.

പെട്ടെന്ന് അച്ഛൻ ഒരു ബോധോദയം ഉണ്ടായതു പോലെ അകത്തു വെച്ചു കൊടുത്ത മുറിയിലെത്തി. ആകെയൊന്ന് നിരീക്ഷിച്ചു. പിന്നീട് പതിയെ അവിടെയുള്ള പത്തായത്തിനടുത്തെത്തി. മെല്ലെ അത് ഉയർത്തി നോക്കി.

അപ്പോളതാ നെയ്യപ്പത്തിന്റെ കിണ്ണവും കൈയിൽപ്പിടിച്ച് വായിൽ നിറയെ നെയ്യപ്പവും നിറച്ച് ചമ്മിയ ചിരിയുമായി അവൻ അതിനകത്തിരിക്കുന്നു!