വാർത്ത കണ്ടപ്പോഴേ തീരുമാനിച്ചതാണ് ഉൽക്ക മഴ കാണണമെന്ന്. ആകാശത്ത് കാണാൻപറ്റുന്ന ഈ വിസ്മയ കാഴ്ചയെപ്പറ്റിയുള്ള വിവരണങ്ങൾ ആയിരുന്നു രണ്ടുദിവസമായി എവിടെ നോക്കിയാലും. ഇന്നെന്തായാലും ഉറങ്ങുന്ന പ്രശ്നമില്ല.. ടെറസ്സിൽ നിന്നു നോക്കിയാൽ നന്നായി കാണാനും പറ്റും. ജനുവരിയിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയവും, ടെലിസ്കോപ്പും ഇതുപോലെ കണ്ടിരുന്നു. അതു പക്ഷെ വളരെ നേരത്തെ ഏഴു മണിക്കോ മറ്റോ ആയിരുന്നു.
എന്നത്തേയും പോലെ പതിനൊന്നാവുമ്പോൾ ഉറങ്ങിപ്പോയാലോ എന്നു കരുതി ഇന്നലെ രാവിലെ തന്നെ രാത്രി 11 മണിക്കേക്കുള്ള അലാറം സെറ്റ് ചെയ്തുവെച്ചു. രാത്രി 9 ആയപ്പോൾ പുറത്തുനിന്നും എന്തോ അപരിചിതമായ പേടിപ്പെടുത്തുന്ന ഒരു ശബ്ദം കേട്ട് മന്വേട്ടൻ വാതിൽ തുറന്ന് പുറത്തിറങ്ങി. അടുത്ത വീട്ടുകാരും ശബ്ദം കേട്ട് പുറത്തു വന്ന് നോക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ ടെറസ്സിലൂടെ ഒച്ചയിട്ടുകൊണ്ട് എന്തോ ജീവി കുതിച്ചു പായുന്നത് ഒരു മിന്നായം പോലെ കണ്ടത്രെ! ടെറസിലേക്ക് ചാഞ്ഞുകിടക്കുന്ന പേരയിൽ നിറഞ്ഞുകിടക്കുന്ന പേരയ്ക്ക തിന്നാൻ പലതരം പക്ഷികളും വവ്വാലുകളും എത്താറുണ്ട്. എന്നാലും ഉള്ളിൽ ചെറിയൊരു ഭയം തോന്നി. ഏതാവും ഭീകരമായ ശബ്ദം ഉണ്ടാക്കിയ ആ ജീവി? ഈ ദിവസം തന്നെയേ അതിനു വരാൻ കണ്ടുള്ളൂ. പാതിരാ നേരത്ത് ഉൽക്ക കാണാൻ ടെറസ്സിലേക്ക് പോകേണ്ടതല്ലേ. ഒരു പക്ഷേ ഇത് മരപ്പട്ടിയോ മറ്റോ ആവും ഞങ്ങൾ അങ്ങനെ ആശ്വസിക്കാൻ ശ്രമിച്ചു.
മണിക്കൂറുകളോളം ഉറക്കമിളക്കേണ്ടതല്ലേ അല്പം ഉറങ്ങിക്കളയാം പതിനൊന്നു മണി കഴിഞ്ഞപ്പോൾ 12.15 നേക്ക് അലാറം സെറ്റ് ചെയ്ത് ഉറങ്ങാൻ കിടന്നു. എന്നാലോ ഉറക്കം വന്നതുമില്ല. പന്ത്രണ്ടു മണിയായപ്പോൾ എഴുന്നേറ്റ് നല്ല ഉറക്കത്തിലായിരുന്ന കെട്ട്യോനെ കുലുക്കി വിളിച്ചു. മതി ഇനി ഈ പാതിരാ നേരത്ത് ടെറസിലേക്ക് പോണ്ട. നേരത്തെ കണ്ട ജീവി എന്താന്നറീലാല്ലോ അവിടെ പതുങ്ങിയിരിപ്പുണ്ടാവും എന്നുപറഞ്ഞു അദ്ദേഹം എന്നെ പേടിപ്പിക്കാൻ ശ്രമിച്ചു. എഴുന്നേൽക്കാതെ ചുരുണ്ടു കിടന്നു കൊണ്ട് ഉറങ്ങാനുള്ള തയ്യാറെടുപ്പിലായി. അതൊന്നും കേട്ട് പിന്തിരിയാൻ ഞാനൊരുക്കമായിരുന്നില്ല. ഏറെ നേരത്തെ എൻ്റെ നിർബന്ധത്തിന് വഴങ്ങി മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റ് എൻ്റൊപ്പം മുകളിലേക്ക് വരാൻ തയ്യാറായി. ഞാൻ വേഗംതന്നെ കോണിപ്പടി കയറി മുകളിലെത്തി തിരിഞ്ഞുനോക്കിയപ്പോൾ കാണുന്നത് പഴയൊരു മേശയുടെ ഇളകി കിടന്നിരുന്ന തടിയൻ കാലു കളിലൊരെണ്ണം തപ്പിയെടുത്തു കയ്യിൽ താങ്ങി, ഉറക്കം നഷ്ടപ്പെട്ടതിന്റെ നീരസത്തോടെ സാവധാനം പടി കയറുന്നയാളെയാണ്. എനിക്ക് ചിരിപൊട്ടിയെങ്കിലും അടക്കിപ്പിടിച്ചുനിന്നു. ഇനി ആ കാരണത്തിന്ന് വരാതെ തിരിച്ചുപോയി ഉറങ്ങിക്കളഞ്ഞാലെന്തു ചെയ്യും. ഏതു നിമിഷവും ചാടിവീണേക്കാവുന്ന ജീവിയെ പ്രതിരോധിക്കാനായിട്ടല്ലേ, അതെങ്കിൽ അത്.
അല്പം പേടിയോടെയാണ് ടെറസ്സിലേക്ക് ഇറങ്ങിയത്. ചുറ്റും നീരീക്ഷിച്ച് ഉറപ്പു വരുത്തിയ ശേഷം ആകാശത്ത് വടക്കു കിഴക്ക് ദിശയിലേക്ക് നോക്കി നിന്നു. വലിയ തിളക്കമൊന്നും തോന്നാത്ത ഒന്ന് രണ്ട് നക്ഷത്രങ്ങൾ മാത്രം കാണാം. കുറച്ചു നേരം നോക്കിക്കൊണ്ടിരുന്നപ്പോൾ തിളങ്ങിക്കൊണ്ട് അതാ വരുന്നു ഉൽക്കകൾ ! കൃത്യ സമയത്തു തന്നെയെത്തിയല്ലോ ഞാൻ ആവേശത്തോടെ കൈ ചൂണ്ടി. പക്ഷേ അത് ഒരു വിമാനം പറന്നു പോകുന്നതായിരുന്നുവെന്ന് തിരിച്ചറിയാൻ അധിക സമയം വേണ്ടി വന്നില്ല.
നോക്കി നോക്കി കഴുത്തും പുറവും നന്നായി വേദനിക്കാൻ തുടങ്ങിയിരുന്നു. എന്നിട്ടും പിന്തിരിയാൻ ഞാനൊരുക്കമായിരുന്നില്ല.. മറ്റൊന്നും ശ്രദ്ധിക്കാതെ, കണ്ണിമയ്ക്കാതെ ആകാശത്തേക്ക് നോക്കി യിരിക്കയായിരുന്ന ഞാൻ അപ്പോഴാണ് ഉൽക്കകൾ പ്രകാശിക്കുന്നത് കണ്ടത്. ഒന്നല്ല കുറേയെണ്ണമുണ്ട് അവിടെയുമിവിടെയുമായി തിളങ്ങിക്കൊണ്ട് താഴേക്ക് വരുന്നുണ്ട്. കണ്ടോ കണ്ടോ ഉൽക്ക അതാ... ഞാൻ ആഹ്ലാദത്തോടെ പറയാൻ തുടങ്ങിയപ്പോഴേക്കും ഉൽക്കയല്ല ഒലക്ക... അത് മിന്നാമിനുങ്ങുകളാടീ കളിയാക്കി ചിരിച്ചു കൊണ്ട് ഇരുട്ടിൽ നിന്നും മന്വേട്ടൻ്റെ ശബ്ദം. ശരിയാണ് ചെറിയൊരു ചമ്മലോടെ ഞാനുമത് തിരിച്ചറിഞ്ഞു.
നേരത്തെ കണ്ട അജ്ഞാത ജീവികൾ ഇരുട്ടിൽ പതുങ്ങിയിരുന്ന് ചാടി വീഴുമോ എന്ന പേടിയിൽ വാനനിരീക്ഷണത്തേക്കാൾ കൂടുതൽ ജാഗ്രതയോടെ പരിസരം നിരീക്ഷിക്കുകയായിരുന്നയാൾ ക്ഷമയുടെ നെല്ലിപ്പലകയും കഴിഞ്ഞു മടുത്ത് മതിയാക്കി പോകാനിറങ്ങി. അവസാനം പതിനഞ്ച് മിനിറ്റ് കൂടി കാത്ത് നിൽക്കാമെന്ന് സമ്മതിച്ചു. ആകാശത്തേക്ക് നോക്കി പിടലി വേദനയുമായി നിൽക്കുമ്പോൾ മീശമാധവനിലെ കൊച്ചിൻ ഹനീഫ മനസ്സിലേക്കോടിയെത്തിയതല്ലാതെ ഉൽക്കയുടെ തരിപോലും അവിടെയെങ്ങും കണ്ടില്ല!
മനസ്സില്ലാ മനസ്സോടെ തിരിച്ച് കിടപ്പുമുറിയിലെത്തി 2.45 നേക്ക് അലാറം വെച്ച് കിടന്നു. അലാറം കേട്ട് ഉണർന്നെങ്കിലും ഗാഢനിദ്രയിലാണ്ടു കിടക്കുന്നയാളെ വിളിച്ചുണർത്തേണ്ടല്ലോ എന്നു കരുതി അലാറം ഓഫാക്കി വീണ്ടും കിടന്നുറങ്ങി. ഉൽക്കമഴ കാണാൻ പുലർച്ചെ എഴുന്നേൽക്കാതിരുന്നത് വലിയ നഷ്ടമായല്ലോ എന്ന നിരാശയോടെയാണ് എഴുന്നേറ്റത്. എന്നാൽ രാവിലെ വാർത്ത കണ്ടപ്പോഴാണ് ശരിക്കും ആശ്വാസം തോന്നിയത് ! എഴുന്നേൽക്കാതിരുന്നത് എത്ര നന്നായി !