ഓണക്കാലമായാല്‍ അത്തം മുതലുള്ള പത്തുദിവസവും ഞങ്ങള്‍ക്ക് ഉത്സവനാളുകളാണ്. എല്ലാ ദിവസവും പൂ പറിക്കലും പൂവിടലുമൊക്കെയായി പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിന്റെ നാളുകള്‍.

തലേ ദിവസം തന്നെ ഞങ്ങള്‍ പൂക്കളെല്ലാം ശേഖരിച്ചുവെക്കും. പച്ചോല കൊണ്ട് അമ്മ ഉണ്ടാക്കിയ കൊമ്മയും കഴിത്തിലിട്ടാണ് പൂ പറിക്കാനായി പോകുന്നത്. വീട്ടിനു ചുറ്റും അടുത്ത പറമ്പിലുമൊക്കെ ഇഷ്ടം പോലെ പൂക്കള്‍. തുമ്പയും കാക്കപ്പൂവും കോഴിപ്പൂവും ചെക്കിപ്പൂവും അരിപ്പൂവും മുള്ളും പൂവും എള്ളിന്‍ പൂവും …. എല്ലാം നാടന്‍ പൂക്കള്‍. ഇന്നത്തെപ്പോലെ കടയില്‍ നിന്ന് പൂ വാങ്ങാറേയില്ല. അത്തം നാളില്‍ കാലത്ത് മുറ്റത്ത് പൂവിടും. ഉത്രാടത്തിനും തിരുവോണത്തിനും ഇറയത്താണ് കളം വരച്ച് പൂക്കളമൊരുക്കുന്നത്. അതില്‍ തിരുവോണ ദിവസം വലിയ കളം വരച്ച് പൂക്കളമൊരുക്കുന്നു. ഒന്നുരണ്ടു വര്‍ഷമായി അടുത്തുള്ള ക്ലബ്ബിന്റെ നേതൃത്വത്തില്‍ തിരുവോണനാളില്‍ വീടുകളില്‍ പൂക്കള മത്സരം സംഘടിപ്പിക്കുന്നുണ്ട്. തൊട്ട് മുന്‍ വര്‍ഷം ഞങ്ങള്‍ക്ക് രണ്ടാം സമ്മാനം കിട്ടിയിട്ടുണ്ട്. ഇക്കൊല്ലം എന്തായാലും പങ്കെടുക്കുന്നുണ്ട്. ഞങ്ങള്‍ നേരത്തെ തന്നെ മത്സരത്തിന് പേര് കൊടുത്തു. അടുത്ത വീട്ടിലെ കുട്ടികളെല്ലാം പൂ പറിക്കാന്‍ സഹായിക്കാമെന്ന് ഏറ്റിട്ടുണ്ട്.

ഉത്രാടം നാളില്‍ ഉച്ചകഴിഞ്ഞ് പൂ പറിക്കാനായി ഞങ്ങള്‍ കുട്ടികള്‍ അടുത്തുള്ള കാട്ടുപറമ്പിലേക്ക്. അവിടെ ധാരാളം ചെക്കി പൂവുകള്‍ ഉണ്ട്. കുറ്റിച്ചെടികള്‍ക്കിടയില്‍ നക്ഷത്രങ്ങളെപ്പോലെ അവ ധാരാളമായി തിളങ്ങി നില്‍പ്പുണ്ടാവും. അതിന്റെ ചുവന്ന പൂവിതളുകള്‍ അടര്‍ത്തി കളത്തിലിട്ടാല്‍ നല്ല ഭംഗിയാണ്. അതുപോലെ തീപ്പെട്ടിപ്പൂക്കള്‍. ആ മരത്തിന്റെ ശരിയായ പേര് ഞങ്ങള്‍ക്കറിയില്ല. തീപ്പെട്ടിക്കൊള്ളിയുണ്ടാക്കാനായി ആ മരത്തിന്റെ തടി ഉപയോഗിക്കുന്നതു കൊണ്ടാണെന്നു തോന്നുന്നു അതിനങ്ങനെയൊരു പേര് . അടുത്ത വീട്ടിലെ ആബൂട്ടി, മരത്തില്‍ കയറി കുലകളായി നില്‍ക്കുന്ന അതിന്റെ പൂക്കള്‍ ധാരാളമായി അടര്‍ത്തിയിട്ടു. ചെറിയ ഇളം പച്ച നിറത്തിലുള്ള കൊച്ചു പൂക്കള്‍. കടുകു പോലിരിക്കുന്ന മൊട്ടുകളും . അതിന്റെ പൂവും മൊട്ടുകളും കൂടി ഒന്നായി ഉതിര്‍ത്തെടുക്കണം. മത്സരത്തിന് ഇലകള്‍ ഉപയോഗിക്കരുതെന്ന നിബന്ധനയുള്ളതിനാല്‍ പൂക്കളം തീര്‍ക്കുമ്പോള്‍ പച്ചനിറത്തിനായി ഇത് ഞങ്ങള്‍ ഉപയോഗിക്കാറുണ്ട്. സന്ധ്യയോടെ പൂക്കളെല്ലാം വേര്‍തിരിച്ച് സൂക്ഷിച്ചു മാറ്റി വെച്ചു. രാത്രി തന്നെ ശശിയേട്ടന്‍ ഇറയത്ത് നല്ലൊരു പൂക്കളം വരച്ചു തന്നു. ബാക്കി പൂക്കള്‍ രാവിലെ പോയി പറിച്ചാല്‍ മതി. പിറ്റേന്നു രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റ് പൂ പറിക്കാന്‍ പോകാനായി ഒരുങ്ങി. ഇരുട്ടുമാറിയിട്ടില്ല. അടുത്ത വീട്ടിലെ കുട്ടികളെല്ലാം ഉത്സാഹത്തോടെ റെഡിയായി വന്നിട്ടുണ്ട്. സ്‌കൂള്‍ പറമ്പില്‍ ധാരാളം തുമ്പയും കാക്കപ്പൂവും ഉണ്ട്. ചെറിയ പൂക്കളൊക്കെ രാവിലെ പറിച്ചെടുക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. മഞ്ഞ് തുള്ളികളാല്‍ നനഞ്ഞിരിക്കുന്ന അവ കൈയ്യിലൊക്കെ ഒട്ടിപ്പിടിക്കും. വെളിച്ചം വന്നിട്ട് പോയാല്‍ മതിയെന്ന അമ്മയുടെ വാക്കുകള്‍ കേള്‍ക്കാതെ ഞങ്ങള്‍ ടോര്‍ച്ചും മെഴുകുതിരിയുമായി പൂ എന്ന ഒറ്റ ചിന്തയോടെ നടന്നു നീങ്ങി. ചുറ്റും ഇരുട്ട്. ഞങ്ങള്‍ സ്‌കൂളിനടുത്തെത്തി.

പെട്ടെന്നാണ് ആ കാഴ്ച കാണുന്നത്. മുന്നില്‍ കുറച്ചകലെയായി ഒന്നു രണ്ട് വെളുത്ത രൂപങ്ങള്‍. തിളങ്ങിക്കൊണ്ടിരിക്കുന്ന അത് ചെറുതായി നീങ്ങിക്കൊണ്ടിരിക്കുന്നുമുണ്ട്! പെട്ടെന്ന് എന്റെ ഉള്ളില്‍ നിന്നും വന്ന ഒരു നിലവിളി പുറത്തേക്ക് വരാതെ തൊണ്ടയില്‍ കുരുങ്ങിക്കിടന്നു. തിരിഞ്ഞോടാന്‍ ആഗ്രഹിച്ചെങ്കിലും ചലനമറ്റ് ശ്വാസം വിടാന്‍ പോലും പറ്റാതെ നിന്നു പോയി. ഈ സമയം സുനിയേച്ചിയുടെ കൈയിലുള്ള ടോര്‍ച്ച് ലൈറ്റില്‍ നിന്നും അറിയാതെ വെളിച്ചം ആ രൂപങ്ങളിലേക്ക് പതിച്ചു. ഒരു നിമിഷം അവ ഞങ്ങള്‍ക്ക് നേരെ തിരിഞ്ഞു! അപ്പോഴാണ് ആ രൂപം വ്യക്തമായി കണ്ടത്! അച്ഛന്റെ ഏട്ടന്റെ മക്കളായ വല്ലിയേച്ചിയും ദിലിയും! തൊട്ടപ്പുറത്തായി ജതിയും ബിജുവും ! മഞ്ഞു കൊള്ളാതിരിക്കാന്‍ തലയില്‍ വെളുത്ത തോര്‍ത്തുമുണ്ടും പുതച്ച് മെഴുകുതിരി വെളിച്ചത്തില്‍ നിലത്തിരുന്ന് പൂപ്പറിക്കയായിരുന്നു അവര്‍.

പ്രതിമ കണക്കെ നില്‍ക്കുന്ന ഞങ്ങളാട് അയ്യോ എന്താ ഇങ്ങനെ നോക്കുന്നേ … പേടിച്ചു പോയോ…. നിങ്ങളെന്താ വൈകിയേ, ഞങ്ങള്‍ നേരത്തേ എത്തി എന്നൊക്കെ വല്ലിയേച്ചി പറയുന്നുണ്ടായിരുന്നു. അതിനു മറുപടിയെന്നോണം തൊട്ടു മുന്‍പേ പുറത്തേക്ക് വരാനാവാതെ തൊണ്ടയില്‍ കുരുങ്ങി നിന്ന എന്റെ നിലവിളി ഒരു പൊട്ടിച്ചിരിയായി പുറത്തുചാടി. തുടര്‍ന്ന് ഞങ്ങളും വേഗം തന്നെ പൂക്കള്‍ പറിച്ച് വീട്ടിലെത്തി.

ശശിയേട്ടന്റെ നിര്‍ദ്ദേശാനുസരണം ഞങ്ങളെല്ലാവരും പൂക്കളം തീര്‍ക്കുന്ന തിരക്കിലായി. ഏട്ടന്‍ ടാപ് റെക്കാര്‍ഡറില്‍ യേശുദാസിന്റെ പുതിയ ഓണപ്പാട്ടുകള്‍ ഉച്ചത്തില്‍ വെച്ചിട്ടുണ്ട്. ആകെ ഒരുത്സവാന്തരീക്ഷം. പൂക്കളം ഏതാണ്ട് പൂര്‍ത്തിയായി. ഞങ്ങള്‍ മുറ്റത്ത് മാറി നിന്ന് പൂക്കളത്തിന്റെ ഭംഗി ആസ്വദിച്ചു കൊണ്ട് നന്നായിട്ടുണ്ട്, സമ്മാനം ഉറപ്പാണ് എന്ന് ആത്മവിശ്വാസത്തോടെ പരസ്പരം പറഞ്ഞു കൊണ്ടിരുന്നു. മത്സരിക്കുന്ന മറ്റ് വീടുകളിലെ പൂക്കളം കണ്ട ശശിയേട്ടന്റെ സുഹൃത്ത് ഉറപ്പിച്ചു പറഞ്ഞു സമ്മാനം നിങ്ങള്‍ക്ക് തന്നെ. ഇതൊക്കെ കേട്ട് മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി.

പൂക്കളം ആസ്വദിക്കുന്നതിന്നിടയിലാണ് ഒരു കളത്തില്‍ തുമ്പപ്പൂ അല്പം കുറഞ്ഞു പോയില്ലേ എന്ന് എനിക്കൊരു തോന്നലുണ്ടായത്. പറമ്പില്‍ ഇഷ്ടം പോലെ തുമ്പയുണ്ട്. കുറച്ചു പറിച്ചു കൊണ്ടുവരാം. ഞങ്ങള്‍ പൂ പറിക്കാനായി പറമ്പിലിറങ്ങി. അമ്മ അടുക്കളയില്‍ തിരക്കിലാണ്. ഏട്ടന്‍ കാസറ്റ് തിരിച്ചിടാനായി അകത്തേക്ക് പോയി. അടുത്ത വീട്ടിലെ നാലു വയസ്സുകാരന്‍ സജി പൂക്കളത്തിനടുത്തുണ്ട്.

പൂ പറിച്ചു കൊണ്ടിരുന്നപ്പോഴാണ് വീട്ടില്‍ നിന്നുള്ള ബഹളം കേട്ടത്. ഞങ്ങള്‍ ഓടിയെത്തി. അവിടെയെത്തിയപ്പോള്‍ കണ്ട കാഴ്ച വിശ്വസിക്കാനാവാതെ ഞങ്ങള്‍ തളര്‍ന്നിരുന്നു പോയി.

വിധി നിര്‍ണയത്തിനായി അളന്നു തിട്ടപ്പെടുത്തി സുന്ദരമായി ഒരുക്കിയ പൂക്കളം ലോക ഭൂപടം വരച്ചതു പോലെ അവിടെയുമിവിടെയുമായി അവിയല്‍ പരുവത്തില്‍!

എന്താണ് പറ്റിയതെന്ന കാര്യം അമ്മ പറയുന്നത് ഒരു സ്വപ്നത്തിലെന്ന പോലെ ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. അടുക്കള വാതിലിലൂടെ അകത്തു കയറിയ പൂവന്‍കോഴിയെ നാലു വയസ്സുകാരനായ സജി ഒന്ന് ഓടിച്ച് വിട്ടതാണത്രെ. അത് പറന്നു വന്ന് നേരെ ഞങ്ങളുടെ പൂക്കളത്തിലേക്ക് വീണ് ഒന്നുരണ്ടു വട്ടം ചിറകിട്ടടിച്ച് ഓടിപ്പോയി!

ഇനി എന്തു ചെയ്യണമെന്നറിയാതെ വിങ്ങിപ്പൊട്ടി നില്‍ക്കുമ്പോഴാണ് വിധികര്‍ത്താക്കള്‍ വരുന്നത് കണ്ടത്. ഏട്ടന്‍ അവരോട് കാര്യം പറഞ്ഞ് തിരിച്ചയച്ചു.

തിരുവോണ നാളില്‍ ഉത്സവ ലഹരിയിലായിരുന്ന ഞങ്ങളുടെ വീട് വലിയൊരു ദുരന്തം നടന്ന വീടുപോലായി അന്ന് മുഴുവന്‍.