ഞങ്ങളുടെ വീടിനടുത്തുള്ള ഇരട്ടകളാണ് ചിണ്ടനും ചീരനും. ഞങ്ങളുടെ നാട്ടില്‍ ഇരട്ടകള്‍ അപൂര്‍വമാണ്. അതുകൊണ്ടു തന്നെ എല്ലാവരും ഇവരെ വളരെ കൗതുകത്തോടെയാണ് കണ്ടിരുന്നത്. കാണാന്‍ രണ്ടുപേരും ഒരുപോലെ! വീട്ടുകാര്‍ക്ക് മാത്രമേ അവരെ തിരിച്ചറിയാനാവുകയുള്ളൂ. ഭയങ്കര വികൃതികളാണ് രണ്ടും. അവര്‍ വളരുന്നതിനേക്കാള്‍ വേഗത്തില്‍ അവരുടെ വികൃതിയും വളര്‍ന്നു. കുട്ടിക്കാലത്തുതന്നെ ചെറിയ മോഷണങ്ങള്‍ നടത്തിത്തുടങ്ങിയിരുന്നു ഇവര്‍.
സ്‌കൂളില്ലാത്ത ദിവസങ്ങളില്‍ ചിണ്ടന്‍ അടുത്തുള്ള മമ്മദ്ക്കാന്റെ അടക്കാക്കളത്തില്‍ പോയി അടയ്ക്കയുരിക്കും. ആഴ്ചയില്‍ ചെറിയ പൈസ അങ്ങനെ അവന് കിട്ടും. ഒരു ദിവസം ചിണ്ടന്‍ കിട്ടാനുള്ള പൈസ വാങ്ങാനായി അവിടെയെത്തി. എന്താടാ നീ പറേന്നേ, ഇനീം പൈസയോ? മമ്മദ്ക്കാ ദേഷ്യപ്പെട്ടു. ഒന്നും മനസ്സിലാകാതെ മിഴിച്ചുനില്‍ക്കുന്ന അവനെ കണ്ട് വീണ്ടും ചോദിച്ചപ്പോഴാണ് കാര്യം മനസ്സിലാകുന്നത്, അവനറിയാതെ ചീരനാണ് ആ പണം കൈക്കലാക്കിയത്. അവനെ വിളിച്ച് ചോദ്യം ചെയ്തപ്പോള്‍ അവന്‍ സത്യം തുറന്നുപറഞ്ഞു. അറിഞ്ഞവരെല്ലാവരും ഇത് വെറുമൊരു തമാശയായി ചിരിച്ചു തള്ളി. മമ്മദ്ക്കാന് പറ്റിയ അബദ്ധമോര്‍ത്ത് ഊറിച്ചിരിച്ചു.
രാവിലെ സ്‌ക്കൂളിലേക്കെന്നും പറഞ്ഞ് പോവുന്ന ഇവര്‍ സ്‌ക്കൂളില്‍ പോകാതെ കറങ്ങി നടക്കാന്‍ തുടങ്ങി. ഇതിനിടയില്‍ ചെറിയ ചെറിയ മോഷണങ്ങള്‍….. ഇങ്ങനെയൊക്കെയാണെങ്കിലും എവിടെ നിന്ന്, എന്തൊക്കെ, എങ്ങനെ മോഷ്ടിച്ചു എന്ന വിവരം ദിവസങ്ങള്‍ക്കുശേഷം ഇവര്‍ തന്നെ വിശദമായി വളരെ രസകരമായി പറയുകയും ചെയ്യും! ഇതോടെ മറ്റുള്ളവര്‍ക്ക് ഇവരോടുള്ള ദേഷ്യമെല്ലാം അലിഞ്ഞില്ലാതെയാവും. വളരുന്നതിനനുസരിച്ച് ഇവരുടെ മോഷണവും വലുതായിത്തുടങ്ങി.. നാട്ടില്‍ പലരുടേയും തേങ്ങയും അടക്കയും മോഷണം പോയി. പലരും ഇവരെ താക്കീത് ചെയ്ത് വിട്ടെങ്കിലും ദിവസങ്ങള്‍ക്കു ശേഷം ഇവര്‍ വീണ്ടും പഴയപടി തന്നെ.
നാട്ടുകാര്‍ ഇവരെക്കൊണ്ട് പൊറുതിമുട്ടി. സഹികെട്ട് പോലീസില്‍ പരാതിപ്പെട്ടു. അങ്ങനെ പോലീസ് അവരെ പൊക്കി. ചോദ്യം ചെയ്യുന്നതിന് മുമ്പേ ഓരോ സ്ഥലത്തുവെച്ചും നടത്തിയ മോഷണവിവരം വള്ളിപുള്ളി തെറ്റാതെ അവര്‍ പോലീസുകാരോട് വിശദീകരിച്ചു. നിഷ്‌ക്കളങ്കമായ ഇവരുടെ വിവരണം പോലീസുകാരില്‍പ്പോലും ചിരി പടര്‍ത്തി. ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തിയാല്‍ പിന്നെ കുറച്ചുകാലം നല്ല ജീവിതം നയിക്കുമെങ്കിലും താമസിയാതെ പഴയ പടി തന്നെ..
ഞങ്ങളുടെ കവലയിലുള്ള ചായക്കടയിലെ രമേശേട്ടന്‍ രാവിലെ കട തുറക്കാന്‍ വന്നപ്പോള്‍ ആരോ പൂട്ടുപൊളിച്ച് കട തുറന്നിരിക്കുന്നു. മേശവലിപ്പ് കാണാനില്ല. ഭാഗ്യത്തിന് ചില്ലറ നാണയങ്ങളേ അതിലുണ്ടായിരുന്നുള്ളു. എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോഴാണ് കടയിലെ ഫോണ്‍ ബെല്ലടിച്ചത്. അന്ന് ഫോണ്‍ ചുരുക്കം ചില സ്ഥലങ്ങളിലേയുള്ളൂ. രമേശേട്ടന്‍ ഫോണെടുത്തു. ഞാന്‍ ചിണ്ടനാ . ഇങ്ങളെന്തൊരു ആളാ മേശേല് ഒരു പത്തുറുപ്യയെങ്കിലും ബാക്കിവെച്ചൂടേനാ. ഞങ്ങള് എത്ര കഷ്ടപ്പെട്ടിറ്റാ അതൊന്ന് തൊറന്നിന്. കൊറച്ച് ചില്ലറ പൈസയാ കിട്ടീന്. നാണക്കേട്. ബെര്‍തെ ഒറക്കം കളയാന്‍. മേശവലിപ്പ് അപ്പറത്തെ പറമ്പത്ത്ണ്ട്. ഞങ്ങള്‍ നാട്ടിലൊന്നും ഇല്ല പരതണ്ട. ഇതും പറഞ്ഞ് ഫോണ്‍ കട്ടായി.
പിന്നീട് കുറച്ചു കാലം ഇവരെപ്പറ്റി ഒരു വിവരവുമില്ല. ഒരു ദിവസം രാവിലെ രമേശേട്ടന്‍ കട തുറന്നതും ഫോണ്‍ ബെല്ലടിച്ചതും ഒന്നിച്ച്. ഫോണെടുത്തപ്പോള്‍ ചീരനാണ്. എന്തുണ്ട് രമേശേട്ടാ വിശേഷം ഇന്ന് ലേറ്റായാ … ഞാന്‍ നേരത്തെ വിളിച്ചിറ്റ് കിട്ടീല… നാട്ടിലെന്ത്ണ്ട്… ഇങ്ങളൊന്നും അറിഞ്ഞില്ലേ… അവോക്കറാജീന്റടുത്ത് കള്ളന്‍ കേരി ഇന്നലെ രാത്രി … ന്നാ ബെക്കട്ടെ…. പറഞ്ഞു തീരുമ്പോഴേക്കും വിക്കന്‍ നാണ്വേട്ടന്‍ ഓടി വന്നു പറഞ്ഞു അ… അ…അറിഞ്ഞോ മ്മളെ അ… അ….അവോക്കറാജീന്റട്ത്ത് ക…ക…..ള്ളന്‍ കേരി !
ഇതില്‍ പിന്നീട് നാട്ടുകാരില്‍ പലരും രാവിലത്തെ ചായ കുടി രമേശേട്ടന്റെ കടയില്‍ നിന്നാക്കി. രാവിലെ അവിടെയെത്തിയാല്‍ എവിടെയെങ്കിലും മോഷണം നടന്നോന്നറിയാലോ … എന്തിന് സ്വന്തം വീട്ടില്‍ രാത്രി മോഷണം നടന്ന കാര്യം കിട്ടേട്ടന്‍ അറിയുന്നത് രാവിലെ കടേല് വന്നപ്പോഴാണ് !
അതോടെ രാവിലെ രമേശേട്ടന്‍ കട തുറക്കുന്നതും നോക്കി ആളുകള്‍ കാത്തുനില്‍ക്കാനും തുടങ്ങി. രമേശേട്ടന് നിന്നു തിരിയാന്‍ സമയമില്ലാതായി. രമേശേട്ടനും ഉള്ളില്‍ ചെറിയൊരു സന്തോഷം തോന്നി. അങ്ങനെയെങ്കിലും കടയൊന്ന് പച്ച പിടിക്ക്വല്ലോ.
രാവിലെ 7.30 ന് പുറപ്പെടേണ്ട പ്രകാശ് ബസ്സ് എല്ലാദിവസവും രാത്രി പത്തു മണിയുടെ ഓട്ടം കഴിഞ്ഞ് അടുത്ത ജംഗ്ഷനിലാണ് നിര്‍ത്തിയിടാറ്. പതിവുപോലെ രാവിലെ ഡ്രൈവര്‍ വണ്ടിയെടുക്കാന്‍ വന്നപ്പോള്‍ വണ്ടി കാണാനില്ല! അധികനേരം വേണ്ടിവന്നില്ല.. കടയിലേക്ക് ഫോണ്‍ വന്നു ഇന്നലെ പത്ത് ചാക്ക് അടക്കയും ആറ് ചാക്ക് കൊപ്പരയും 4 ചാക്ക് കുരുമുളകും കിട്ടി. ഒരു വഴീം കണ്ടില്ല അങ്ങനെ ബസ് ഒന്നെടുത്തതാണ്. പേടിക്കണ്ട വണ്ടി അടുത്ത ബസ്സ്റ്റാന്റിന്റട്ത്ത്ണ്ട്. ഓടാനുള്ള സമയം ആവുന്നല്ലേയുള്ളൂ…. ശേഷം ചില നാട്ടുകാരും ഡ്രൈവറും കൂടി അഞ്ചാറു കിലോമീറ്റര്‍ അകലെ കിടക്കുന്ന വണ്ടിയുമായി തിരിച്ചെത്തി. പിന്നീട് ഒരിക്കല്‍ വേറൊരു ബസ്സും ഇതുപോലെ കാണാതായി. അന്ന് വെറും രണ്ടു ചാക്ക് അടക്ക… പിറ്റേന്ന് പന്ത്രണ്ട് കിലോമീറ്റര്‍ അകലെ നിന്നും ബസ്സ് തിരിച്ചുകിട്ടി.
നാട്ടിലെ വത്സേട്ടന്‍ ടൗണില്‍വെച്ച് ആരോടോ സംസാരിച്ചുനില്‍ക്കുന്ന ചിണ്ടനെ കണ്ട് പേര് വിളിച്ചുകൊണ്ട് അടുത്തേക്ക് പോയി. എന്നാല്‍ കണ്ടഭാവം പോലും നടിച്ചില്ല ചിണ്ടന്‍. പിറ്റേന്ന് രമേശേട്ടന് ഫോണ്‍വന്നു. എന്നെ ടൗണില്‍വെച്ച് കണ്ടാല്‍ ആരും സംസാരിക്കാനൊന്നും നിക്കണ്ട. അത് അവര്‍ക്ക് ദോഷംചെയ്യും. എന്നെ പോലീസുകാരൊക്കെ അറിയാതെ നിരീക്ഷിക്കുന്നുണ്ടാവും. എല്ലാരോടും ഒന്ന് പറഞ്ഞേക്ക്.
പകല്‍ സമയങ്ങളില്‍ ആരും ഇവരെ കാണാറില്ലെങ്കിലും നാളുകള്‍ കഴിയുംതോറും നാട്ടില്‍ ഇവരുടെ മോഷണം കൂടിക്കൂടി വന്നു. പല വീടുകളില്‍ നിന്നും തേങ്ങയും കൊപ്രയും കുരുമുളകും അടക്കയും വലിയ തോതില്‍ മോഷണം പോയിത്തുടങ്ങി. ഗതികെട്ട് നാട്ടുകാര്‍ ഇവരെ പിടിക്കാന്‍ തീരുമാനിച്ചു. ഒരാള്‍ ജയിലിലാണ്. മറ്റേയാള്‍ മാത്രമേ പുറത്തുള്ളൂ.
ആള്‍ക്കാര്‍ പല രാത്രി കളിലും രഹസ്യമായി അവര്‍ വരാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലായി ഒളിച്ചിരുന്നു. ഒരു രാത്രി അടുത്ത വീട്ടിലെ കുമാരേട്ടനും നാണ്വേട്ടനും ബാബുവും കള്ളനെ പിടിച്ചേ അടങ്ങൂ എന്ന വാശിയില്‍ അടുത്തുള്ള കടയുടെ പിറകിലായി ഒളിച്ചിരിക്കുകയാണ്. മറ്റുള്ളവര്‍ കുറച്ചു മാറി വേറൊരിടത്ത്.
അര്‍ദ്ധരാത്രിയായി ഒന്നും സംഭവിച്ചില്ല. കാത്തിരുന്ന് മടുത്ത അവര്‍ കടത്തിണ്ണയില്‍ കിടന്നു. നേരിയ നിലാവെളിച്ചമുണ്ട്. ഒരു നിമിഷത്തിന്റെ മയക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന കുമാരേട്ടന്‍ ആ കാഴ്ച കണ്ടു. തലയില്‍ വലിയൊരു ചാക്കുകെട്ടുമായി ചിണ്ടന്‍ വളരെ കൂളായി നടന്നു നീങ്ങുന്നു. ഉടനെത്തന്നെ കള്ളന്‍ കള്ളന്‍ എന്ന് അലറി വിളിച്ചെങ്കിലും ശബ്ദം തരിമ്പും പുറത്തേക്ക് വന്നില്ല. കൂടെയുള്ള രണ്ടു പേരും നല്ല ഉറക്കത്തില്‍. തുടര്‍ന്ന് അവരെ കുലുക്കി വിളിച്ച് ഒരു വിധം ഉണര്‍ത്തി കള്ളനുനേരെ കൈചൂണ്ടി. കള്ളന്‍ എന്നലറിക്കൊണ്ട് അവര്‍ ചാടിയെണീറ്റു. ഇതിനിടയില്‍ ചാക്ക് കെട്ടും ഉപേക്ഷിച്ച് കള്ളന്‍ അടുത്തുള്ള ഇടവഴി ലക്ഷ്യമാക്കി ഓടി.. ബഹളം കേട്ട് മറ്റുള്ളവരും ഓടിയെത്തി കള്ളന്റെ പുറകെ ഓടാന്‍ തുടങ്ങി.
അങ്ങനെ നേരിയ നിലാവെളിച്ചത്തില്‍ ചെറിയ ഇടവഴിയിലൂടെ ഒരു കൂട്ടം ആളുകള്‍ ഒന്നിനു പിറകേ ഒന്നായി ഓടി. കുറേ ദൂരം പോയിക്കഴിഞ്ഞ് മെയിന്‍ റോഡിലെത്തി. വാട്ടര്‍ അതോറിറ്റിയുടെ വെള്ളം കൊണ്ടുപോകാനുള്ള വലിയ പൈപ്പുകള്‍ റോഡില്‍ അവിടവിടെയായി കൂട്ടി വെച്ചിട്ടുണ്ട്. അത് കാരണം മുന്നിലോടിക്കൊണ്ടിരുന്ന കള്ളന്‍ പെട്ടെന്ന് അവരുടെ കണ്ണില്‍ നിന്നും മറഞ്ഞു. അതിനടുത്തു തന്നെ മറ്റൊരിടവഴിയുണ്ട്. അതുവഴി രക്ഷപ്പെട്ടിരിക്കുമോ? കുറച്ചു പേര്‍ അങ്ങേട്ടോടി നോക്കി. ഇല്ല ഒരനക്കം പോലും ഇല്ല. പൈപ്പിനടുത്തു പോയി അതിന്റെ പുറകിലെവിടെങ്കിലും ഉണ്ടോയെന്ന് പരിശോധിച്ചെങ്കിലും അവിടെയുമില്ല, അവന്‍ രക്ഷപ്പെട്ടിരിക്കുന്നു! കുറച്ചു നേരം കൂടി അവിടെയൊക്കെ നിരീക്ഷിച്ച് അവനെ പിടിക്കാന്‍ പറ്റാത്തതിലുള്ള നിരാശയോടെ, തളര്‍ന്നവശരായി എല്ലാവരും തിരിച്ചു വന്നു.
പിറ്റേന്ന് പതിവുപോലെ രാവിലെ കടയിലെ ഫോണ്‍ ബെല്ലടിച്ചു. രമേശേട്ടന്‍ ഫോണെടുത്തു. ആള്‍ക്കാരൊക്കെ ചുറ്റുംകൂടി ആകാംക്ഷയോടെ രമേശേട്ടന്റെ മുഖത്തേക്ക് കണ്ണും നട്ടിരിപ്പാണ്. അങ്ങേത്തലയ്ക്കല്‍ നിന്നും നീണ്ട ചിരിയാണ് ആദ്യം കേട്ടത്. ചിണ്ടന്റെ ശബ്ദം.
എന്നാലും എന്റെ രമേശേട്ടാ… ഞമ്മള നാട്ടുകാര് ഇത്ര മണ്ടന്മാരായിപ്പോയല്ലോ. തൊട്ടടുത്ത് കള്ളനിണ്ടായിറ്റ് പിടിക്കാണ്ട് തിരിച്ചു പോയല്ലോ. നാണക്കേട്. കുമാരേട്ടന്‍ ആ പൈപ്പിന്റെ തൊട്ടടുത്ത് വരെ എത്തീറ്റ് ഒന്ന് പൈപ്പിന്റുള്ളില് നോക്കണ്ടേ. ഞാനയിന്റെയുള്ളിലല്ലേന്വാ… ഇനിയെങ്കിലും ഇങ്ങനത്തെ മണ്ടത്തരം പറ്റണ്ട… അതും പറഞ്ഞ് വീണ്ടും കളിയാക്കുന്ന മട്ടിലൊരു ചിരിയും ചിരിച്ച് ചിണ്ടന്‍ ഫോണ്‍ വെച്ചു!