പുറത്തുനിന്ന് പക്ഷികളുടെ അസാധാരണമായ കലപില ശബ്ദം കേട്ടാണ് ഇറയത്തേക്ക് വന്നു നോക്കിയത്. അടുത്തുള്ള മാവിലും കൊന്നയിലും ഇരുന്ന് മണ്ണാത്തിപ്പുള്ളും ഓലഞ്ഞാലിയും മിമിക്രിക്കാരന്‍ കാരാടന്‍ ചാത്തനും ബഹളമുണ്ടാക്കുന്നു. അപ്പോഴാണ് മുറ്റത്തെ മതിലിനോട് ചേര്‍ന്നു കിടക്കുന്ന കേബിളില്‍ ഒരു ചെറിയ പക്ഷിക്കുഞ്ഞ് ഇരിക്കുന്നത് ശ്രദ്ധിച്ചത്. ഓലഞ്ഞാലിയുടെ കുഞ്ഞാണല്ലോ. അടുത്തേക്ക് മെല്ലെ നടന്നു. എതിര്‍വശത്തേക്ക് നോക്കിയിരിക്കുകയായിരുന്നതിനാല്‍ അതെന്നെ കണ്ടതേയില്ല. ഞാന്‍ തൊട്ടടുത്തെത്തി. തീരെ ചെറിയ കുട്ടിയല്ല. എങ്കിലും വാലില്‍ തൂവല്‍ ഒട്ടുമില്ല. മെല്ലെ അതിന്റെ ചിറകില്‍ ഒന്നു തൊട്ടു. അതെന്നെ നോക്കിയെങ്കിലും പേടിയില്ലാതെ അനങ്ങാതിരുന്നു. കൂടുതല്‍ ധൈര്യത്തില്‍ ഞാനതിനെ മെല്ലെ തടവി. ആദ്യമായാണ് ഇങ്ങനെയൊരു പക്ഷിയെ തൊടുന്നത്. അപ്പോഴാണ് മൊബൈല്‍ എടുത്തിരുന്നെങ്കില്‍ ഫോട്ടോയെടുക്കായിരുന്നല്ലോയെന്ന കാര്യം ചിന്തിച്ചത്. പെട്ടെന്നു തന്നെ അകത്തേക്ക് വന്നു.
മൊബൈലുമായി തിരിച്ചെത്തി. അടുത്തെത്തി ഒരു ഫോട്ടോയെടുത്തു. അടുത്ത നിമിഷം പക്ഷിക്കുഞ്ഞ് തൊട്ടടുത്ത വാഴയിലേക്ക് ചാടി. പറക്കാന്‍ പഠിച്ചു വരുന്നതേയുള്ളുവെന്ന് തോന്നി. അപ്പോഴേക്കും അതിന്റെ അമ്മപ്പക്ഷി അടുത്തു വന്ന് എന്തൊക്കെയോ ഉറക്കെ പറഞ്ഞു കൊണ്ടിരുന്നു. അതാണെങ്കില്‍ കൂടെ പറക്കാനാവാതെ അവിടെത്തന്നെ ഇരുന്ന് കരയാനും തുടങ്ങി. അമ്മപ്പക്ഷിയും വേറെ രണ്ടു പക്ഷികളും അതിനടുത്തേക്ക് വരികയും പിന്നീട് പറന്നുയരുകയും ചെയ്യുന്നുണ്ടെങ്കിലും കുഞ്ഞിന് പറക്കാനൊരു പേടി പോലെ. ചിറകൊന്ന് വിടര്‍ത്തി പറക്കാനായി ശ്രമിക്കുന്നുണ്ടെങ്കിലും പറ്റുന്നില്ല. പിന്നീട് ഒന്ന് ചാടി തൊട്ടപ്പുറത്തെ വാഴക്കൂട്ടങ്ങള്‍ക്കിടയിലായി. മറവിലായിരുന്നതിനാല്‍ പിന്നീട് കാണാന്‍ പറ്റിയില്ല. കുറച്ചു നേരം അവിടെ നിന്ന ശേഷം ഞാന്‍ തിരികെ വന്നു.
പിറ്റേന്ന് രാവിലെ മുറ്റമടിക്കാനായി മുറ്റത്തേക്കിറങ്ങിയതേയുള്ളൂ. ഉറുമ്പുകളുടെ ആക്രമണത്തില്‍ പെട്ടു പോയി. നോക്കിയപ്പോഴുണ്ട് ഉറുമ്പുകള്‍ ജാഥയായി നടന്നു നീങ്ങുന്നു. ഇടയ്ക്ക് പലരും കൊടിയുയര്‍ത്തിപ്പിടിച്ചിട്ടുണ്ടല്ലോ. സൂക്ഷിച്ചു നോക്കിയപ്പോള്‍ ചെറിയ തൂവലുകള്‍ പോലെ തോന്നി. അതുമായി അവ മുറ്റത്തെ ഒരു ചെറിയ ദ്വാരത്തിലൂടെ അകത്തു കടക്കുന്നു.
ഇവ എവിടെ നിന്നാണാവോ വരുന്നത്. ഞാന്‍ ഇതിന്റെ ഉറവിടം അറിയാനായി അവ വരുന്ന വഴിയിലൂടെ നടന്നു നോക്കി. ഉറുമ്പുകള്‍ പോകുന്ന വഴി ശ്രദ്ധിച്ചപ്പോള്‍ തമാശ തോന്നും. നേര്‍രേഖയായി സഞ്ചരിച്ച ഇവര്‍ ഒരാവശ്യവുമില്ലാതെ അടുത്തുള്ള തെങ്ങിനെ വലയം ചെയ്ത് തൊട്ടടുത്ത മതിലില്‍ കയറി ഏറ്റവും മുകളിലേക്ക് പോയി അവിടെ നിന്ന് താഴേക്കിറങ്ങി നേരത്തെയുണ്ടായിരുന്ന സ്ഥലത്തിന് തൊട്ടടുത്തെത്തി വീണ്ടും നേരെ നടന്നു പോകുന്നു! എന്തിനാണിങ്ങനെ വളഞ്ഞവഴിയിലൂടെ പോയത്? നേതാവ് അവരെ വഴിതെറ്റിക്കുന്നതാണോ അതോ പെട്ടെന്ന് മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാനുള്ള അവരുടെ അതിബുദ്ധിയോ? ഇങ്ങനെയൊക്കെ ആലോചിച്ച് നടക്കുന്നതിനിടയിലാണ് നടുക്കത്തോടെ ഞാനാ കാഴ്ച കണ്ടത്! ഇന്നലെ കണ്ട ഓലഞ്ഞാലിയുടെ കുഞ്ഞ് മുറ്റത്ത് ഒരു മൂലയില്‍ ചത്ത് മരവിച്ചു കിടക്കുന്നു! ഇന്നലെ രാത്രി ഏതോ ജീവി അതിനെ കൊന്നുകളഞ്ഞതാവാം. അവയുടെ ചുറ്റും ഉറുമ്പുകള്‍ നിറഞ്ഞിരിക്കുന്നു.
രാവിലെ കണ്ട ഈ വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു പിന്നെ മനസ്സു മുഴുവന്‍. ആദ്യമായി ഒരു പക്ഷിക്കുഞ്ഞിനെ അടുത്തു കാണാനും തൊടാനും പറ്റുകയും പിറ്റേന്ന് അത് മരിച്ചു കിടക്കുന്നത് കണ്‍മുന്നില്‍ കാണേണ്ടി വരികയും ചെയ്തതോര്‍ത്തപ്പോള്‍ എന്തോ മനസ്സ് വല്ലാതെ അസ്വസ്ഥമായി.
പ്രീതേച്ചീ വേഗം വാ ഒരു കാര്യം കാണിച്ചു തരാല്ലോ എന്നു അടുത്ത വീട്ടിലെ മണിക്കുട്ടി ഉച്ചയായപ്പോള്‍ വിളിച്ചു പറഞ്ഞപ്പോഴാണ് അങ്ങോട്ടു പോയത്. അവിടെയെത്തിയപ്പോഴാണ് എന്നെ അത്ഭുതപ്പെടുത്തിയ കാഴ്ച കാണുന്നത്. ചത്തുപോയ പക്ഷിക്കുഞ്ഞ് ജീവനോടെ അവിടെ ഒരു പെട്ടിയില്‍ കിടന്ന് കരഞ്ഞുകൊണ്ട് നടക്കുന്നു!
കുറച്ചു മുമ്പ് മുറ്റത്ത് നിന്ന് പൂച്ച ഓടിക്കുന്നതു കണ്ടപ്പോള്‍ ഞങ്ങള്‍ രക്ഷപ്പെടുത്തിയതാ…. മണിക്കുട്ടി പറഞ്ഞപ്പോഴാണ് അമ്പരന്നു നില്‍ക്കുന്ന എനിക്ക് കാര്യം മനസ്സിലായത്. അപ്പോ വേറേം കുഞ്ഞുങ്ങളുണ്ടായിരുന്നോ? പക്ഷിക്കുഞ്ഞ് ഉറക്കെ കരഞ്ഞു തുടങ്ങി. അപ്പോഴേക്കും അമ്മപ്പക്ഷിയാണെന്നു തോന്നുന്നു നിര്‍ത്താതെ കരഞ്ഞു കൊണ്ട് തൊട്ടടുത്ത മരത്തിലെത്തി. അതിന്റെ കൂടെ വേറെയും പക്ഷികള്‍. ആകെ ബഹളം. പക്ഷിക്കുഞ്ഞിനെ എടുത്ത് അമ്മപ്പക്ഷിയിരിക്കുന്ന മരത്തിന് താഴെ മതിലില്‍ വെച്ച് ഞങ്ങള്‍ മാറിനിന്നു. അല്പം കഴിഞ്ഞ് അമ്മപ്പക്ഷി എന്തോ ഭക്ഷണവുമായെത്തി അതിന്റെ വായിലേക്ക് വെച്ചു കൊടുത്തു. അമ്മ പറന്നുയരുമ്പോള്‍ കൂടെ പറക്കാനോങ്ങുന്നുണ്ടെങ്കിലും അതിന് ധൈര്യമില്ലാത്തതുപോലെ! പല വട്ടം അമ്മ അതിനെ പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു. പ്രതീക്ഷയോടെ അവയെ നോക്കി ഞങ്ങളും. പക്ഷേ അതിന് പറ്റുന്നില്ല. ഇനിയെന്തു ചെയ്യും. ഇതിനും മറ്റേ കുഞ്ഞിന്റ അവസ്ഥ വന്നാലോ?
പെട്ടെന്നാണ് പക്ഷികളെല്ലാം കൂടി ഒരു പ്രത്യേക രീതിയില്‍ ഉറക്കെ ബഹളം കൂട്ടിയത്. നോക്കുമ്പോഴുണ്ട് പമ്മിയെത്തിയ ആ വില്ലന്‍ കണ്ടന്‍പൂച്ച പക്ഷിക്കുഞ്ഞിനു തൊട്ടടുത്തെത്തി അതിന്റെ നേര്‍ക്ക് ചാടി വീഴുന്നു! അങ്ങനെയൊരാക്രമണം ഞങ്ങളും പ്രതീക്ഷിച്ചതേയില്ലല്ലോ.
എല്ലാം തീര്‍ന്നെന്നു കരുതി ശ്വാസമടക്കി നിന്ന ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് മറ്റൊന്നാണ് അവിടെ നടന്നത്. ജീവന്‍ തന്നെ നഷ്ടപ്പെടുന്ന ആ പ്രതിസന്ധിഘട്ടത്തെ തിരിച്ചറിയാനുള്ള അതിന്റെ ജൈവവാസന കൊണ്ടാവാം അപകടം മണത്ത ആ നിമിഷം തന്നെ തന്റെ കുഞ്ഞു ചിറകുകള്‍ വിടര്‍ത്തി പക്ഷിക്കുഞ്ഞ് ആകാശത്തേക്ക് പറന്നുയര്‍ന്നു കഴിഞ്ഞിരുന്നു! ഇതു കണ്ടപ്പോള്‍ വിശ്വാസിക്കാനാവാതെ, എന്തെന്നില്ലാത്ത ആശ്വാസത്തോടെ, ഞങ്ങളും ആ സുന്ദരമായ കാഴ്ചയില്‍ പങ്കുചേര്‍ന്നു..