ഓണപ്പിറ്റേന്ന് രാവിലെ ചായ കുടിക്കുന്നതിനിടെയാണ് മുത്തു ദച്ചുയേച്ചിയോട് പായസം കുടിക്കേണ്ട കാര്യം ഓര്‍മിപ്പിച്ചത്. തലേന്ന് വെച്ച പാലട പായസം ബാക്കി വന്നത് ഒരു ബൗളിലാക്കി ഫ്രിഡ്ജിലുണ്ട്. ഓര്‍ത്തപ്പോള്‍ തന്നെ മുത്തൂന് നാവില്‍ വെള്ളമൂറി. അത്രയ്ക്ക് രുചികരമായിരുന്നു ഇന്നലത്തെ അടപ്പായസം.

അച്ഛനും അമ്മയും പുലര്‍ച്ചെയുള്ള വണ്ടിക്ക് ആപ്പനെ കാണാന്‍ കോഴിക്കോടേക്ക് പോയിരിക്കയാണ്. രാത്രിയോടെ മാത്രമേ തിരിച്ചെത്തുകയുള്ളൂ. ആപ്പന്‍ ചെറിയൊരു ആക്‌സിഡന്റിനെ ത്തുടര്‍ന്ന് കാലില്‍ പ്ലാസ്റ്ററിട്ട് കിടപ്പിലാണ്. അവിടേക്ക് പോയതാണ് അവര്‍.

എടീ ചായേം ഇഡ്ഡലീം കഴിച്ചതല്ലേയുള്ളൂ അല്പം കഴിയട്ടെ. നീ അതെടുത്ത് പുറത്തേക്ക് മാറ്റിവെക്ക്. തണുപ്പ് മാറട്ടെ. എന്നിട്ട് തിളപ്പിച്ച് പിന്നീട് കഴിക്കാം. ദച്ചു അവളോടായി പറഞ്ഞു. മുത്തു ഫ്രിഡ്ജ് തുറന്ന് ബൗളെടുത്ത് അടുക്കളയിലേക്ക് മാറ്റിവെച്ചു. തണുത്ത് നല്ല കട്ടിയായിട്ടുണ്ട്. ഏച്ചീ.. . തിളപ്പിക്കാണ്ട് കുടിച്ചാലോ അതല്ലെ ടേസ്റ്റ് എനിക്കതാ ഇഷ്ടം, മുത്തു കൊതിയടക്കാനാവാതെ പറഞ്ഞു. മിണ്ടാതിരി മുത്തൂ നിനക്ക് തണുപ്പു പിടിച്ച കാര്യം മറന്നോ നീ . തിളപ്പിച്ച് കുടിച്ചാ മതി. അതു മാത്രമല്ല അച്ഛന്‍ കണ്ടാ ഇന്നലത്തെ പായസം പഴയതായില്ലേന്ന് പറഞ്ഞ് തിളപ്പിച്ച് പോലും കുടിക്കാന്‍ സമ്മതിക്കൂലാന്ന് നിനക്കറിയാലോ. പോരാത്തതിന് അച്ഛനും അമ്മയും ഇവിടില്ലാത്തതാ. അതുകേട്ടപ്പോള്‍ മനസ്സില്ലാ മനസ്സോടെ മുത്തു തലയാട്ടി.

അങ്ങനെ അല്പനേരം കാത്തിരുന്ന് തണുപ്പ് കുറഞ്ഞപ്പോള്‍ തിളപ്പിക്കാനുള്ള ഒരുക്കത്തിലായി രണ്ടു പേരും. ഇത് കൊറേയിണ്ടല്ലോ ഏച്ചീ… അച്ഛനും അമ്മയ്ക്കും മാറ്റിവെക്കണ്ടല്ലോ മുഴുവന്‍ നമ്മക്ക് തീര്‍ത്തേക്കാം. വേഗം എനിക്ക് ഇനീം കാത്തിരിക്കാനുള്ള ശക്തിയില്ല മുത്തു അക്ഷമയായി. അല്പം പാലു തിളപ്പിച്ച് അതിലേക്ക് പായസം ചേര്‍ക്കാം മുത്തു. അത് വല്ലാതെ കട്ടിയായി പോയി… അതു പറഞ്ഞ് ദച്ചു ഒരു പാത്രത്തില്‍ പാലെടുത്ത് തിളപ്പിച്ചു. പായസത്തിന്റെ ടേസ്റ്റ് മാറിയോന്നറിയാനായി ബൗള്‍ തുറന്ന് സ്പൂണ്‍ കൊണ്ട് അല്പം പായസം എടുത്ത് വായിലാക്കി.

ബ്ആ… എന്ന ഒച്ചയോടെ അവള്‍ പുറത്തേക്കോടി! എന്താ ഏച്ചീ ചീത്തയായോ മുത്തു കടുത്ത നിരാശയോടെ അവളെ നോക്കി. എടീ അത് പായസല്ല ഇഡ്ഡലി മാവാ… അയ്യേ…. ഇഡ്ഡലി പായസാ… മുത്തു ചേച്ചിയെ കളിയാക്കി. നീ ഒന്നും നോക്കാതെയാണോ ഫ്രിഡ്ജീന്നെടുത്തേ… വേഗം പോയി പായസം എടുത്തോണ്ടു വാ… ചിരിയടക്കാന്‍ പാടുപെടുന്ന മുത്തുവിനെ നോക്കി അല്പം ദേഷ്യത്തോടെ അവള്‍ പറഞ്ഞു. മുത്തു വേഗം പോയി ഫ്രിഡ്ജ് തുറന്ന് പായസത്തിന്റെ ബൗളിനായി നോക്കി. അയ്യോ ഏച്ചി അതിവിടെ കാണുന്നില്ലല്ലോ, ഇതെവിടെയാ വെച്ചിരിക്കുന്നേ. അവള്‍ വേവലാതിപ്പെട്ടു. അവിടെയില്ലേ വേറെവിടെ വെക്കാനാ.. ഇനീപ്പം അമ്മ രാവിലെ പോണേനുമുമ്പ് തിളപ്പിച്ച് അടുക്കളേല്‍ എവിടെങ്കിലും വെച്ചിട്ടുണ്ടാവ്വോ.. ദച്ചു പ്രതീക്ഷയോടെ മുത്തുവിനോടായി പറഞ്ഞു.

രണ്ടു പേരും തിടുക്കത്തില്‍ അടുക്കള മുഴുവന്‍ തപ്പി നോക്കിയെങ്കിലും പായസം മാത്രം എവിടെയുമില്ല. ക്ഷമ നശിച്ച് ദച്ചു ഉടനെ അമ്മയെ ഫോണില്‍ വിളിച്ചു. അമ്മയുടെ മറുപടി കേട്ട് കടുത്ത നിരാശയും സങ്കടവും ബാധിച്ച അവള്‍ പായസം കുടിക്കാനായി അക്ഷമയോടെ നില്‍ക്കുന്ന പാവം മുത്തുവിനെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ ഏറെ നേരം ഫോണും പിടിച്ച് നിന്നുപോയി.

രാവിലെ പോകുന്നതിനു മുമ്പാണത്രേ പായസം യാദൃശ്ചികമായി അച്ഛന്റെ ശ്രദ്ധയില്‍ പെട്ടത്. തലേദിവസത്തെ ഭക്ഷണസാധനങ്ങള്‍ ഫ്രിഡ്ജില്‍ വെച്ചതാണെങ്കില്‍ പോലും കുട്ടികള്‍ക്ക് കൊടുക്കാന്‍ അച്ഛന്‍ പലപ്പോഴും സമ്മതിക്കാറില്ല. അവര്‍ രണ്ടു പേരും വീട്ടിലില്ലാത്തപ്പോള്‍ തലേന്നത്തെ പായസം കുടിച്ച് കുട്ടികള്‍ക്ക് വല്ല പ്രശ്‌നവും ഉണ്ടായാലോ എന്ന പേടി കൊണ്ട് പോകുന്നതിന് മുന്നേ അച്ഛനും അമ്മയും കൂടി പായസം മുഴുവന്‍ എടുത്ത് കളഞ്ഞിരുന്നത്രേ!