പൂച്ചകളെ കുട്ടിക്കാലം തൊട്ടേ എനിക്കിഷ്ടമാണ്. അന്നൊക്കെ വീട്ടിൽ ഞങ്ങൾ പൂച്ചകളെ വളർത്തിയിരുന്നു. വീടിനകത്തെ ഏത് മുക്കിലും മൂലയിലും കേറിയിറങ്ങാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടായിരുന്നു. ചില തണുപ്പുള്ള പുലർകാലങ്ങളിൽ അടുപ്പിന്റെ അരികിൽ കേറിയിരിക്കാനായി ഞാൻ വരുമ്പോഴേക്കും എന്നെക്കാൾ മുമ്പേ പൂച്ച ആ സ്ഥലം കൈയ്യേറിയിരിക്കും. യജമാനത്തിയായ ഞാൻ ആ അധികാരത്തിൽ അതിനെ ഓടിച്ച് സ്ഥലം കയ്യടക്കും. പല രാത്രികളിലും ഞങ്ങൾ ഉറക്കം പിടിച്ചുവരുന്ന സമയത്ത് അല്ലെങ്കിൽ ഒരുറക്കത്തിൽ ഞെട്ടിയുണർന്നാൽ ഞങ്ങളുടെ പുതപ്പിനടിയിൽ അവ സുഖമായി കൂർക്കം വലിച്ചുറങ്ങുന്നുണ്ടാവും.

പൂച്ചകൾ മരണമടുക്കുമ്പോൾ അവരെ സ്നേഹിക്കുന്നവരുടെ കൺവെട്ടത്തു നിന്നും എവിടേക്കെങ്കിലും മാറിപ്പോയ്ക്കളയുമെന്ന് എവിടെയോ വായിച്ചതോർക്കുന്നു. സത്യമായിരിക്കുമോ? പല പൂച്ചകളും അതുകൊണ്ടായിരിക്കുമോ പെട്ടെന്നൊരു ദിവസം ഞങ്ങളെ വിട്ട് പോയ്ക്കളയുന്നത് . ആയിരിക്കാം. എനിക്കുമുണ്ട് ചില അനുഭവങ്ങൾ.

ഒരിക്കൽ ആരോ വഴിയരികിൽ ഉപേക്ഷിച്ച പൂച്ചക്കുട്ടിയെ ദയ തോന്നി അച്ഛൻ വീട്ടിലേക്ക് കൂട്ടി . അത് ഒരു പെൺപൂച്ചയായിരുന്നു. അതിന്റെ ആദ്യ കുഞ്ഞുങ്ങളെയൊക്കെ സന്തോഷത്തോടെ എല്ലാവരും സ്വീകരിച്ചെങ്കിലും പിന്നീട് ഇവരെക്കൊണ്ട് സഹികെട്ട് അമ്മ മനസ്സില്ലാമനസ്സോടെ ആ കടുംകൈ ചെയ്തു . ഞങ്ങളില്ലാത്ത സമയം ഒരു കുഞ്ഞിനെ മാത്രം ബാക്കിയാക്കി തള്ളപ്പൂച്ചയെയും കുഞ്ഞുങ്ങളെയും ഒരു ചാക്കിലാക്കി വീട്ടിൽ നിന്നും അകലെയുള്ള പറമ്പിൽ കൊണ്ടുപോയി വിട്ടു. തൊട്ടടുത്തെല്ലാം ധാരാളം വീടുകളുണ്ട് പേടിക്കേണ്ട അമ്മ ഞങ്ങളെ ആശ്വസിപ്പിച്ചു. എന്നാൽ വൈകുന്നേരത്തിന് മുമ്പ് വഴി തെറ്റാതെ അവർ സുരക്ഷിതരായി വീട്ടിലേക്കു തന്നെ തിരിച്ചെത്തി. പിന്നീട് ദിവസങ്ങൾക്ക് ശേഷം അമ്മ ഇവരെ വീണ്ടും ദൂരെയെവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിക്കാനായി അയൽക്കാരന്റെ കൈയിൽ ഏല്പിച്ചു. പിന്നീട് അവ തിരിച്ചു വന്നതേയില്ല. കുറേ ദിവസം ഇതിന്റെ സങ്കടത്തിലായിരുന്നു ഞങ്ങളെല്ലാവരും.

കുഞ്ചു എന്ന പൂച്ച മാത്രമായി പിന്നീട് ഞങ്ങൾക്ക്. എപ്പോഴും ഞങ്ങളുടെ കൂടെത്തന്നെ കാണും. വളരുന്നതിനനുസരിച്ച് പതിയെപ്പതിയെ അവന്റെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ വന്നു തുടങ്ങി. പല സമയങ്ങളിലും അവനെവിടെയൊക്കെയോ യാത്രയിലാണ്. ചില ദിവസങ്ങളിൽ അസമയത്തൊക്കെയായി അവന്റെ വരവ്. പിന്നീട് ഒരു ദിവസം പുറത്തേക്ക് പോയ കുഞ്ചു തിരിച്ചു വന്നില്ല! ഞങ്ങൾ പല സ്ഥലത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. വരുമെന്ന പ്രതീക്ഷയിൽ ദിവസങ്ങളോളം ഞങ്ങൾ കാത്തിരുന്നു. എന്നാൽ പിന്നീട് ഞങ്ങളവനെ കണ്ടതേയില്ല!

മാസങ്ങൾ പലത് കഴിഞ്ഞ് ഒരു ദിവസം അമ്മ അമ്മാവന്റെ വീട്ടിൽ പോയി വീട്ടിലേക്ക് തിരിച്ചു വന്നത് കുറച്ചകലെയുള്ള കനാൽക്കരയിലൂടെ നടന്നായിരുന്നു. വരുന്ന വഴി കനാലിന്റെ മറുഭാഗത്ത് യാദൃശ്ചികമായി കുഞ്ചുവിനെപ്പോലെയുള്ള ഒരു പൂച്ചയെ കാണാനിടയായി. സംശയത്തോടെ അവനെ വിളിച്ചു നോക്കി. മറുകരയിൽ നിന്നും അത് ഏറെ നേരം അമ്മയെ നോക്കി കരഞ്ഞുകൊണ്ടിരുന്നു. പിന്നീട് എവിടെയോ പോയ്മറഞ്ഞു.

വീട്ടിലെത്തിയ അമ്മ ഞങ്ങളോട് ഇക്കാര്യം പറഞ്ഞു. എങ്ങനെയെങ്കിലും അതിനെ കൂടെ കൂട്ടാമായിരുന്നില്ലേന്ന് ഞാനും ഏച്ചിയും സങ്കടത്തോടെ അമ്മയോട് പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് അതാ കുഞ്ചു ഉറക്കെ കരഞ്ഞുകൊണ്ട് ഓടി വരുന്നു! ഞങ്ങൾ ഓടി അവനടുത്തെത്തി! അവൻ കുറുകിക്കൊണ്ട് ഞങ്ങളെ മുട്ടിയുരുമ്മി നിന്നു. പിന്നെ വീണ്ടും അവൻ ഞങ്ങളുടെ പണ്ടത്തെ കുഞ്ചുവായി. എന്തായിരിക്കും അവന് പറ്റിയത്. ഞങ്ങളെയെല്ലാം അവൻ മറന്നു പോയതാണോ? അമ്മയെ കണ്ടപ്പോഴാണോ അവനെല്ലാം ഓർമ വന്നത്. അതിപ്പോഴും അറിയില്ല! പക്ഷേ രണ്ടു മൂന്നു ദിവസത്തിനു ശേഷം അവൻ വീണ്ടും ഞങ്ങളെ ഉപേക്ഷിച്ച് പോയി. പിന്നീട് ഒരിക്കലും തിരിച്ചു വന്നതേയില്ല! ഇതിനു ശേഷം ഞങ്ങൾ പൂച്ചയെ വളർത്താറില്ല. എന്നാലും ഉള്ളിലെ പൂച്ച പ്രേമം മാറിയിരുന്നില്ല.

വർഷങ്ങൾക്കു ശേഷം കോഴിക്കോട്ട് ഫ്ലാറ്റുകളിലും വീടുകളിലുമായി താമസിക്കുമ്പോഴൊക്കെ പരിസരത്തുള്ള ഏതെങ്കിലും ഒരു പൂച്ചയുമായി ഞാൻ പെട്ടെന്ന് കൂട്ടാവും. കഴിഞ്ഞ ജന്മത്തിൻ പൂച്ചകളുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നിരിക്കാമെന്ന് ഞങ്ങൾ കളിയായി പറയും. എന്നെക്കണ്ടാൽ ഓടി വന്ന് കാലിൽക്കിടക്കുന്ന പൂച്ചകൾ . ഞാൻ രാവിലെ അടുക്കള വാതിൽ തുറക്കുന്നതും കാത്ത് മതിലിന്മേൽ കാത്തിരിക്കുന്നവർ. കൈ കൊണ്ട് വിളിച്ചാൽ ഓടി വരുന്നവർ. ഞാൻ കൈ നീട്ടിയാൽ എനിക്ക് കൈ തരുന്നവർ. സ്നേഹത്തോടെ ഒന്നു തൊട്ടാൽ കുറുകിക്കൊണ്ട് എല്ലാം മറന്ന് ഉറങ്ങുന്നവർ!

കുറച്ചു വർഷം മുമ്പേ പുതിയ വാടക വീട്ടിലേക്ക് മാറിയപ്പോൾ ഒരു പൂച്ചയുമായി കൂട്ടായി . എന്നും രാവിലെ ഞാൻ അടുക്കള വാതിൽ തുറക്കുന്നതും കാത്ത് മതിലിൽ കയറി കാത്തിരിക്കുന്നുണ്ടാവും. പിന്നീട് ഞാൻ അടുക്കളയിൽ ജോലി ചെയ്യുന്നതും നോക്കി വാതിലിനടുത്ത് വന്നിരിക്കും. എന്തൊക്കെയോ ഞാൻ അവളോട് സംസാരിക്കും അവൾ മറുപടിയും തരും. എന്റെ ജോലി തീർന്നാൽ പോയ്ക്കോ എന്നു പറയുമ്പോഴേക്കും അവൾ ഇറങ്ങിപ്പോവുകയും ചെയ്യും. ഞങ്ങൾ വീട്ടിലുണ്ടാവുന്ന സമയത്തെല്ലാം ചുറ്റിപ്പറ്റി കരഞ്ഞുകൊണ്ട് വീടിന് വെളിയിൽത്തന്നെയുണ്ടാവും അവളും.

ഒരു ദിവസം രാവിലെ അടുക്കള വാതിൽ തുറന്നപ്പോൾ അവൾ മൂന്ന് കുഞ്ഞുങ്ങളുമായി മുറ്റത്തിന്റെ ഒരു മൂലയിലിരുന്ന് എന്നെ നോക്കിക്കരയുന്നു. ഞാൻ അടുത്ത് ചെന്ന് നോക്കി. കണ്ണു പോലും തുറക്കാത്ത ഗോതമ്പ് നിറത്തിലുള്ള ഓമനത്തമുള്ള കുഞ്ഞുങ്ങൾ.

ഞാൻ നല്ലൊരു കാർഡ് ബോർഡ് പെട്ടി എടുത്ത് അതിൽ കുഞ്ഞുങ്ങളെയെടുത്ത് കിടത്തി. പഴയൊരു കുട നിവർത്തി അതിന് മുകളിൽ വെച്ചു കൊടുത്തു. അവളും അതിൽ കയറി സ്വസ്ഥമായി കിടന്നു. പിന്നീട് മിക്കസമയവും അവയെ നോക്കിയിരിക്കലായി എന്റെ പണി .

ഇത് കഴിഞ്ഞ് ഒരാഴ്ചയായിക്കാണും. ഒരു രാത്രി വീടിന്റെ മുൻവശത്തു നിന്നും പൂച്ചയുടെ വലിയ ശബ്ദത്തിലുള്ള കരച്ചിൽ കേട്ടാണ് ഞങ്ങൾ വാതിൽ തുറന്നത്. അപ്പോഴുണ്ട് അവൾ അടുത്തേക്കോടി വന്ന് ഞങ്ങളെ നോക്കി ഉറക്കെ കരയുന്നു. ശരിക്കും ഞങ്ങളോട് എന്തോ പറയാൻ ശ്രമിക്കുന്നതു പോലെ! ഇതെന്താ ഇവൾക്കു പറ്റിയേന്ന് ചോദിച്ചു കൊണ്ട് ഞാൻ പുറകിലെ ലൈറ്റിട്ട് അടുക്കള വാതിൽ തുറന്നു. അപ്പോഴേക്കും അവൾ കരഞ്ഞുകൊണ്ട് ഓടി പെട്ടിക്കടുത്തുവന്നു. ഞങ്ങളും വേഗം അതിനടുത്തെത്തി. ഒരു നിമിഷം! ഹൃദയഭേദകമായ ആ കാഴ്ച ഉൾക്കൊള്ളാനാവാതെ ഞാൻ തരിച്ചിരുന്നു പോയി. പെട്ടിക്കകത്ത് കുഞ്ഞുങ്ങളില്ല! കുറച്ച് രക്തക്കറ മാത്രം!

ഞങ്ങൾ ചുറ്റുപാടും പരിശോധിച്ചു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. അന്ന് രാത്രി മുഴുവൻ അവൾ ഉറങ്ങാത കരഞ്ഞുനടക്കുന്നത് ഞങ്ങൾക്ക് കേൾക്കാമായിരുന്നു. ഞങ്ങൾക്കും ഉറക്കം നഷ്ടപ്പെട്ട രാത്രിയായിരുന്നു അത്. മണിക്കൂറുകൾക്ക് മുമ്പ് ഞാനെടുത്ത അവരുടെ ഫോട്ടോയിൽ നോക്കിയിരിക്കുമ്പോൾ എന്റെ കണ്ണുകളും അറിയാതെ നിറയുന്നുണ്ടായിരുന്നു. അവയ്ക്ക് അകത്തെവിടെയെങ്കിലുമൊരു സുരക്ഷിതയിടം കൊടുത്തില്ലല്ലോയെന്ന കുറ്റബോധം രാത്രി മുഴുവൻ എന്നെ വേട്ടയാടിക്കൊണ്ടേയിരുന്നു.

പിന്നെയും കുറേക്കാലം അവൾ ഞങ്ങൾക്കൊപ്പം തന്നെയുണ്ടായിരുന്നു. ഒരു ദിവസം രാവിലെ വാതിൽ തുറന്നപ്പോൾ അവളെ കണ്ടില്ല. ഓരോ ദിവസവും അവൾ ഉണ്ടാവുമെന്ന പ്രതീക്ഷയോടെ വാതിൽ തുറന്നു. പക്ഷേ പിന്നെയവൾ തിരിച്ചു വന്നതേയില്ല.

പിന്നീട് വേറൊരു വെളുത്ത സുന്ദരിപൂച്ചയായി എന്റെ കൂട്ട്. അവളും എന്നും അടുക്കള വാതിലിൽ എന്നെയും കാത്തിരിക്കാൻ തുടങ്ങി. ഒരു നാൾ ഞങ്ങൾ നാട്ടിൽ പോയി ഒരാഴ്ച കഴിഞ്ഞ് തിരിച്ചെത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും അവളെ കണ്ടില്ല. പിന്നീട് അടുത്ത വീട്ടിലെ ചേച്ചി പറഞ്ഞാണ് കാര്യമറിയുന്നത്. ദിവസങ്ങൾക്കു മുമ്പ് അവരുടെ വീടിനടുത്ത് ഒരു വെളുത്ത പൂച്ചയെ ഏതോ ജീവി കടിച്ച് കൊന്നിട്ടിരിക്കുന്നുണ്ടായിരുന്നത്രെ!

ഇപ്പോൾ പുതിയൊരു പൂച്ചയുണ്ട് ഇതേ സ്ഥാനത്ത്. എന്നും വാതിൽ തുറക്കുന്നതും കാത്ത് എന്നോട് കൂട്ടുകൂടാൻ. എനിക്ക് വർത്താനം പറയാൻ. ഗർഭിണിയായ അവൾ വയറും താങ്ങി ആലസ്യത്തോടെ ഇന്നുമുണ്ടായിരുന്നു എന്നെയും നോക്കി അടുക്കള വാതിലിനടുത്ത് . എന്നെക്കണ്ടപ്പോൾ നിലത്തു വീണുരുണ്ട്, നഖങ്ങൾ കൂർപ്പിച്ച് , കണ്ണുകൾ പാതി തുറന്ന് , വലിയ ശബ്ദത്തോടെ കുറുകിക്കൊണ്ട് എന്നെ നോക്കി എന്തൊക്കെയോ പറയുന്നുണ്ട് തേങ്ങാക്കൊതിച്ചി!