ഒരിക്കല്‍ അമ്മാവന്റെ വീട്ടില്‍ പോയി തിരിച്ചുവരികയായിരുന്ന ഞങ്ങളുടെ കൂടെ വരാനായി അമ്മാവന്റെ മൂന്ന് വയസ്സുകാരി മകള്‍ കരച്ചിലായി. ഇതു വരെ വീട്ടില്‍ നിന്നും വിട്ടു നില്‍ക്കാത്ത അവള്‍ ആദ്യമായി ഞങ്ങളുടെ വീട്ടില്‍ താമസിക്കാനായി വന്നു. ഞങ്ങള്‍ക്കും വലിയ സന്തോഷമായി. വീട്ടിലെത്തിയതു മുതല്‍ ഞങ്ങള്‍ കളി തന്നെയായിരുന്നു. രാത്രിയായപ്പേള്‍ ഞാനും ഏച്ചിയും അവളും കൂടി ഒളിച്ചുകളി ആരംഭിച്ചു. ഒരാള്‍ കസേരയില്‍ മുഖം പൊത്തിയിരിക്കും ബാക്കി രണ്ടു പേര്‍ വീടിനകത്തെ ഇരുട്ടിന്റെ മറവില്‍ ഒളിച്ചിരിക്കും . അങ്ങനെ അവളുടെ ഊഴമായി. അവള്‍ കസേരയിലേക്ക് മുഖം പൂഴ്ത്തിയിരുന്നു. ഒളിത്താവളം തേടി ഞങ്ങളും.

ഏറെ നേരം കഴിഞ്ഞും അവള്‍ ഞങ്ങളെ തേടി വരാതായപ്പോള്‍ ഒളിച്ചിരുന്ന് മടുത്ത ഞങ്ങള്‍ അവള്‍ക്കരികിലെത്തി. അപ്പോഴാണ് അപകടം മനസ്സിലായത്. അവള്‍ക്ക് കസേരയില്‍ നിന്നും തല അനക്കാന്‍ പറ്റുന്നില്ല! അവളുടെ തല കസേരയുടെ കമ്പിക്കിടയില്‍ കുരുങ്ങിക്കിടക്കുന്നു ! വയര്‍കൊണ്ടു മെടഞ്ഞ ഇരുമ്പുകസേരയായിരുന്നു അത്. അതില്‍ തലവെച്ച് കിടക്കുകയായിരുന്ന അവള്‍ കമ്പിക്കിടയിലൂടെ തല കടത്തി നോക്കി !

അച്ഛനും അമ്മയും എത്ര ശ്രമിച്ചിട്ടും അവളുടെ തലയൂരാനാവുന്നില്ല! അവളാണെങ്കില്‍ പേടിച്ച് ഉറക്കെ കരയാനും തുടങ്ങി. അയല്‍ക്കാരൊക്കെ വന്ന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ക്ഷീണിച്ചു തുടങ്ങിയ അവളെ ഒരു കസേരയില്‍ ഇരുത്തി മാല പോലെ കഴുത്തില്‍ കിടക്കുന്ന മറ്റേ കസേര ഉയര്‍ത്തിപ്പിച്ച് വേറൊരാളും!

അവസാന ശ്രമമെന്ന നിലയില്‍ അച്ഛന്‍ പതുക്കെ ഒന്നുകൂടി ശ്രമിച്ചു. ഭാഗ്യം രക്ഷപ്പെട്ടു! എങ്ങനെയോ അത് ഊരിയെടുത്തിരിക്കുന്നു. എല്ലാവരും ദീര്‍ഘനിശ്വാസമുതിര്‍ത്തു. മുഖത്ത് പുരികത്തിലും ചുണ്ടിലും ചെറിയ ഒന്നു രണ്ട് മുറിവുകള്‍… ഉടനെത്തന്നെ അടുത്തുള്ള ഡോക്ടറുടെ അടുക്കല്‍ എത്തിച്ചു. ഡോക്ടര്‍ വിശദമായി പരിശോധിച്ചു. പേടിക്കേണ്ട മുറിവിന് മരുന്നു തരാം വേറെ പ്രശ്‌നോന്നൂല്ല. ഇപ്പോഴും മനസ്സില്‍ സങ്കടം നിറയുന്ന സമയത്ത് പോലും കസേര കഴുത്തിലിട്ട് നില്‍ക്കുന്ന അവളെ ഓര്‍ക്കുമ്പോള്‍ മറ്റെല്ലാം മറന്ന് ചിരിച്ചു പോകും.