ഞങ്ങള്‍ പത്താം ക്ലാസ്സ്‌കാര്‍ 32 വര്‍ഷത്തിനു ശേഷം വീണ്ടും ഒത്തുകൂടാന്‍ തീരുമാനിച്ചിരിക്കുന്നു! ഒരിക്കലും മറക്കില്ലെന്നുറപ്പു പറഞ്ഞ് പിരിഞ്ഞവരാണെങ്കിലും ചുരുക്കം ചിലരെയൊഴികെ മറ്റെല്ലാവരേയും മറന്നിരിക്കുന്നു. മനഃപൂര്‍വ്വമല്ലെങ്കിലും പേരുപോലും ഓര്‍മ്മയില്‍ ഇല്ല! ഇനിയിപ്പൊ എന്തു ചെയ്യും? ഞങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എവിടെയാണാവോ നഷ്ടപ്പെട്ടത്… ഞാന്‍ പഴയ പെട്ടിയൊക്കെ തപ്പിയെടുത്ത് എന്തെങ്കിലും അവശേഷിപ്പുകള്‍ കിട്ടുമോ എന്ന അന്വേഷണത്തിലായിരുന്നു.

ഇല്ല അത് എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു. ആകെ നിരാശയിലിരിക്കുമ്പോഴാണ് യൂത്ത് ഫെസ്റ്റ് വെലില്‍ അന്ന് കിട്ടിയ ഏതാനും സര്‍ട്ടിഫിക്കറ്റുകള്‍ കണ്ണില്‍പ്പെട്ടത്. അതു കണ്ടപ്പോള്‍ ഒമ്പതാം ക്ലാസിലായിരുന്നപ്പോള്‍ യുവജനോത്സവ ദിനത്തില്‍ കൂട്ടുകാരിയായിരുന്ന ഇന്ദിരക്ക് പറ്റിയ അമളിയെക്കുറിച്ചോര്‍മ്മ വന്നു. അടുത്ത വീട്ടിലെ ഇന്ദിരയും ഞാനും ഒരേ പ്രായക്കാര്‍, കുട്ടിക്കാലം തൊട്ടേ ഒന്നിച്ചു കളിച്ചുവളര്‍ന്നവര്‍.

യുവജനോത്സവത്തില്‍ പ്രഛന്നവേഷ മത്സരത്തില്‍ പങ്കെടുക്കാന്‍ ആ വര്‍ഷം ഇന്ദിരയും പേര് കൊടുത്തിരുന്നു. ഞങ്ങള്‍ ഒരേ ഹൗസ്‌കാരായിരുന്നു. യുവജനോത്സവം അടുത്തു കഴിഞ്ഞാല്‍ എല്ലാവരും അതിന്റ ലഹരിയിലാണ്. എവിടെ നോക്കിയാലും ഡാന്‍സും പാട്ടും നാടകവും. ഞങ്ങളും സമയം കിട്ടുമ്പോഴെല്ലാം കടുത്ത ഡാന്‍സ് പ്രാക്ടീസിംഗിലായിരിക്കും. ഞങ്ങള്‍ക്ക് ഊര്‍ജ്ജവും ആവേശവും പകര്‍ന്ന് മക്കളേ എന്ന വിളിയോടെ പ്രിയപ്പെട്ട മമ്മു മാഷും കൂടെയുണ്ട്.

ഉച്ചകഴിഞ്ഞായിരുന്നു പ്രഛന്ന വേഷമത്സരം ആരംഭിച്ചത്. ഒരു മീന്‍കാരിയുടെ വേഷത്തിലായിരുന്നു അവള്‍ സ്‌റ്റേജിലെത്തിയത്. രാവിലെ തന്നെ ഒരു കൊട്ടയില്‍ മത്തിയൊക്കെ വാങ്ങി സൂക്ഷിച്ച് അവള്‍ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. സമയമായപ്പോള്‍ ലുങ്കിയും ഷര്‍ട്ടുമൊക്കെ ഇട്ട് തലയില്‍ മീന്‍കൊട്ടയുമായി മുറുക്കിത്തുപ്പി അവള്‍ സ്‌റ്റേജിലേക്ക് വന്നു. ആരൊക്കെയോ വന്ന് അവളോട് മീനും വാങ്ങി.

എല്ലാം കഴിഞ്ഞ് സ്‌റ്റേജില്‍നിന്നും പുറത്തിറങ്ങിയ ഇന്ദിരക്ക് ആകെ ഒരു അസ്വസ്ഥത. അയ്യോ എനിക്ക് തല കറങ്ങുന്നു. എനിക്ക് കെടക്കണം. വീട്ടീപ്പോണം എന്ന് അവള്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു. ഉടന്‍തന്നെ അവളെയും കൂട്ടി തൊട്ടടുത്തുതന്നെയുള്ള അവളുടെ വീട്ടിലെത്തി. അവിടെയെത്തിയതും ഛര്‍ദ്ദിയും തലകറക്കവും ഒക്കെയായി ആകെ ബഹളം. അവള്‍ക്ക് എഴുന്നേല്‍ക്കാന്‍ പറ്റുന്നില്ല. ആകെ ക്ഷീണം. അവള്‍ കൊറച്ച് കിടക്കട്ടെ എല്ലാം മാറിക്കോളുംന്ന് അവളുടെ അമ്മ.

ഞാനാകെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായി. പിറ്റേന്നുള്ള ഡാന്‍സിന് ഇന്ദിരയും ഉള്ളതാണ്. എത്ര ദിവസമായുള്ള ഒരുക്കങ്ങളായിരുന്നു. അവള്‍ക്ക് എന്തായാലും നാളത്തെ പരിപാടിയില്‍ പങ്കെടുക്കാനാവില്ല. ഈ അവസാനനിമിഷം അവള്‍ക്ക് പകരം ഞാന്‍ ആരെ കണ്ടെത്തും? ഞങ്ങള്‍ക്കെന്തായാലും ഡാന്‍സ് കാന്‍സല്‍ ചെയ്യേണ്ടിവരും. ആലോചിച്ചപ്പോള്‍ എന്റെ ബോധവും പോവുമെന്ന അവസ്ഥയിലായി.

വീട്ടിലെത്തിയ എനിക്ക് കരച്ചിലടക്കാനായില്ല. വീട്ടുകാരെല്ലാം ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും അതൊന്നും കേള്‍ക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാന്‍. രാത്രിയില്‍ ഉറക്കം വരാതെ അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ച് പ്രാര്‍ത്ഥിച്ചു നേരം വെളുപ്പിച്ചു.

പിറ്റേന്ന് രാവിലെ എഴുന്നേറ്റ് അവളുടെ വീട്ടിലേക്കോടി. അവള്‍ക്കെങ്ങനെയുണ്ടാവും. ഇന്നലെ ആശുപത്രീല്‍ അഡ്മിറ്റായിരിക്കും. എന്നാലും ഈ ദിവസം തന്നെ ഇവള്‍ക്കിങ്ങനെ വന്നല്ലോ ഈശ്വരാ… ഇങ്ങനെയാക്കെ ചിന്തിച്ചാണ് അവളുടെ വീട്ടിലെത്തിയത്. നോക്കുമ്പോഴുണ്ട് അവള്‍ നല്ല ഉഷാറായി മുറ്റത്ത് നിക്കുന്നു.

എനിക്കിപ്പോ പ്രശ്‌നോന്നൂല്ല പ്രീതേ പേടിക്കേണ്ടാന്ന് ചിരിച്ചോണ്ട് അവള്‍. ഹോ…. എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ. അകത്തുനിന്ന് അവളുടെ അമ്മയും അച്ഛനും ഇറങ്ങിവന്നു. ഇവക്കെന്താ പറ്റിയേന്ന് നിനക്കറിയോ മോളേ ഇവള് ഇന്നലെ മുറുക്കാന്‍ ചവച്ചപ്പോ ഞങ്ങളെയൊന്നും കാണാതെ കുറെ പുകയിലേംകൂടി എടുത്ത് ചവച്ചു…. അതാ ഇവള്‍ക്ക് ഇങ്ങനെയൊക്കെ ഇണ്ടായേ…

മീന്‍കാരിയായി മാറാനുള്ള ആവേശത്തില്‍, വെറ്റിലേടെ കൂടെ നന്നായി തന്നെ നൂറും പുകയിലേം ചേര്‍ത്തായിരുന്നു മുറുക്കിയിരുന്നതെന്ന് ഒരു ചമ്മിയ ചിരിയോടെ അവള്‍. അതുമാത്രമല്ല അവള്‍ രാവിലെ മുതലേ ഒന്നു രണ്ടു വട്ടം മുറുക്കി പരീക്ഷണവും നടത്തുണ്ടായിരുന്നത്രേ!!

എന്തായാലും പ്രഛന്നവേഷത്തിന് അവള്‍ക്ക് സമ്മാനമടിച്ചോ എന്നോര്‍മ്മയില്ല. പക്ഷേ പിറ്റേ ദിവസത്തെ ഞങ്ങളുടെ ഡാന്‍സ് നന്നായി തന്നെ ഞങ്ങള്‍ അവതരിപ്പിച്ചു. ഒന്നാം സമ്മാനവും നേടി. ഇത് കഴിഞ്ഞിട്ടിപ്പോള്‍ വര്‍ഷം മുപ്പത്തിമൂന്ന് വര്‍ഷം ആയി. എങ്കിലും ഇന്നലെ കഴിഞ്ഞതു പോലുണ്ട്. അവളെ നേരില്‍ കണ്ടിട്ടിപ്പോള്‍ ഇരുപത്തിയഞ്ച് വര്‍ഷം കഴിഞ്ഞിരിക്കുന്നു.

കഴിഞ്ഞ ദിവസം അവളെ വിളിച്ചപ്പോള്‍ മുറുക്കാന്‍ കാര്യം ഓര്‍മ്മിപ്പിച്ചു. അതോര്‍ത്തപ്പോള്‍ അവള്‍ക്ക് ചിരിയടക്കാനായില്ല. ഒരു നിമിഷത്തേക്ക് അവള്‍ മുന്നില്‍ വന്ന് ചിരിക്കുന്നതായി തോന്നി. അവളുടെ പണ്ടത്തെ അതേ ചിരി. അവള്‍ ഒട്ടും മാറിയിട്ടില്ല. അവള്‍ പഴയ ആ ഇന്ദിര തന്നെ. ഞാന്‍ ആ പഴയ കാലത്തിലൂടെ നടക്കാന്‍ തുടങ്ങുമ്പോഴേക്കും എന്നാലും നീ ഇതൊന്നും ഇതുവരെയായി മറന്നില്ലേ എന്ന് കഷ്ടപ്പെട്ട് ചിരിയടക്കി അവള്‍ ചോദിച്ചപ്പോള്‍ പെട്ടെന്ന് ഞാനും ആ ചിരിയില്‍ പങ്കുചേര്‍ന്നു.